തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം. ആശുപത്രിയിലെ സർജൻ ഡോ. ശോഭയ്ക്കാണ് രോഗിയുടെ അടിയേറ്റത്. മർദ്ദനത്തിൽ ഡോക്ടറുടെ കൈയ്ക്ക് ഒടിവ് പറ്റി.
സർജറി ഒ.പി ദിവസമായ ശനിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആക്രമണം നടത്തിയ മണക്കാട് സ്വദേശിയായ വസീറിനെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മണക്കാട് സ്വദേശിയായ വസീർ വൃക്കയിലെ കല്ലിന്റെ ചികിത്സയ്ക്കാണെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും രോഗി തയ്യാറായില്ല. തുടർന്ന് മരുന്ന് എഴുതി നൽകുന്നതിനിടെ രോഗി കാരണമില്ലാതെ പ്രകോപിതനാകുകയായിരുന്നു. ഒ.പി ടിക്കറ്റും ചികിത്സാ രേഖകളും കീറിക്കളഞ്ഞ് രോഗി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഡോക്ടർ പറയുന്നു. തലയ്ക്ക് നേരെ വന്ന അടി കൈകൊണ്ട് തടയുകയായിരുന്നുവെന്നും ഡോക്ടർ ശോഭ പറഞ്ഞു. പരിക്കേറ്റ ഡോക്ടർ, ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സർജറി ഒ.പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെ.ജി.എം.ഒ.എ അപലപിച്ചു. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവർക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണം. കുറ്റവാളിയെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ശിക്ഷിക്കുവാൻ വേണ്ട നടപടി പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. അരുൺ എ. ജോണും ജില്ലാ സെക്രട്ടറി ഡോ.പത്മപ്രസാദും ആവശ്യപ്പെട്ടു.
Post Your Comments