ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഉറ്റ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പതിനാറു വയസുള്ള മൂന്ന് സ്കൂൾ വിദ്യാർഥികളാണ് ഒരുമിച്ചു വിഷം കഴിച്ചത്. ഒരാൾ വിഷം കഴിച്ചത് ആൺസുഹൃത്ത് സംസാരിക്കാത്തതിനാൽ, മറ്റൊരാൾ കുടുംബ പ്രശ്നം കൊണ്ട്, മൂന്നാമത്തെയാൾ സുഹൃത്തുക്കളായ രണ്ടുപേർ വിഷം കഴിച്ചതുകൊണ്ടാണെന്ന് പോലീസ് പറഞ്ഞു.
കൂട്ടത്തിൽ വിഷം കഴിച്ച മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. ഈ കുട്ടിയിൽ നിന്നാണ് പോലീസ് വിവരങ്ങൾ മനസ്സിലാക്കിയത്. സംഭവം ഇങ്ങനെ, പെൺകുട്ടികളിൽ ഒരാൾ ഇൻഡോറിലുള്ള ആൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങളായിട്ട് ഇയാൾ പെൺകുട്ടിയുമായി സംസാരിക്കാൻ തയ്യാറായിരുന്നില്ല.ഇയാളെ കാണാൻ വേണ്ടിയായിരുന്നു ആഷ്ത എന്ന പ്രദേശത്ത് നിന്ന് ഇവർ ഇൻഡോറിലേക്ക് പുറപ്പെട്ടത്.
ആൺസുഹൃത്ത് കാണാൻ എത്തിയില്ലെങ്കിൽ അവിടെ വെച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. ഇതിനായി ഇവർ കൈയിൽ വിഷവും കരുതിയിരുന്നതായി അഡീഷണൽ ഡിസിപി പ്രശാന്ത് ചൗബേ പറഞ്ഞു. ഏറെ കാത്തിരുന്നിട്ടും സുഹൃത്ത് എത്താത്തതിനെത്തുടർന്ന് പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു.
പിന്നാലെ മറ്റൊരു പെൺകുട്ടിയും വിഷം കഴിച്ചു. കൂട്ടുകാർ രണ്ടുപേരും വിഷം കഴിച്ചത് കണ്ടു മൂന്നാമത്തെ കുട്ടിയും വിഷം കഴിച്ചു. പ്രദേശവാസികൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Post Your Comments