ലക്നൗ: പ്ലേറ്റ്ലറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്കി രോഗി മരിച്ചെന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങൾ പുറത്ത്. ഡെങ്കു ബാധിച്ച രോഗിക്ക് പ്ലേറ്റ്ലറ്റ് എഴുതി നൽകിയപ്പോൾ അത് വാങ്ങി വന്നത് ബന്ധുക്കൾ തന്നെയെന്ന് ആശുപത്രി വാദം. എന്നാൽ വിഷയത്തിൽ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്താന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
ഡെപ്യൂട്ടി സിഎംഒ, ചീഫ് മെഡിക്കല്‍ ഓഫീസര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോർട്ട് ഇപ്രകാരം, ഡെങ്കിപ്പനി ബാധിതനായിരുന്ന 32-കാരന് പ്രദീപ് പാണ്ഡെയെ ചികിത്സിക്കുന്നതില്‍ ഗുരുതരമായ വീഴ്ച ആശുപത്രിക്കുണ്ടായി. രോഗിക്ക് കുത്തിവെച്ച പ്ലേറ്റ്ലറ്റ് ശരിയായി പരിശോധന നടത്താതെയാണ് ആശുപത്രി അധികൃതർ കുത്തിവെച്ചത്.
എന്നാൽ, മുസംബി ജ്യൂസ് അല്ല പ്ലേറ്റ്ലറ്റ് തന്നെയാണ് രോഗിക്ക് കുത്തിവെച്ചതെന്നാണ് കണ്ടെത്തൽ. അശ്രദ്ധ മൂലം രോഗിക്ക് കുത്തിവെച്ചിരുന്നത് മോശം പ്ലേറ്റ്ലറ്റുകള്‍ ആയിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രി വ്യക്തമാക്കി. പ്ലേറ്റ്ലറ്റുകള്‍ രോഗിക്ക് നല്‍കുന്നതിന് മുമ്പ് ശരിയായ വിധം സൂക്ഷിച്ചുവെച്ചിരുന്നില്ല. ആശുപത്രിയില്‍ അശാസ്ത്രീയമായ രീതിയില്‍ പ്ലേറ്റ്ലറ്റ് കരുതിവെച്ചിരുന്നതിനാല്‍ അവ കട്ടപിടിക്കുകയും രോഗിക്ക് കുത്തിവെച്ചതോടെ ജീവന് അപകടത്തില്‍പ്പെടുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
അതേസമയം, ചികിത്സിക്കുന്നതില്‍ ഗുരുതരമായ വീഴ്ച നടത്തിയ ആശുപത്രിക്കെതിരെ ഇതിനോടകം സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിന്റെ ഭാഗത്ത് നിന്നായിരുന്നു വീഴ്ച സംഭവിച്ചത്. പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റി ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും രണ്ട് ദിവസത്തിനകം ഒഴിയണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഒക്ടോബര്‍ 28ന് മാനേജ്മെന്റ് മറുപടി നല്‍കണമെന്നാണ് ആവശ്യം.
Post Your Comments