കുട്ടികളെ വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ മാതാപിതാക്കള്‍ ആശങ്കയിലാകുന്ന അവസരങ്ങളുണ്ട്. നമ്മുടെ ചുറ്റുപാടുകള്‍ സംയമനത്തോടെ കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ പാകതപ്പെടുത്തിയെടുക്കാന് അനുകൂലമല്ലെങ്കിലും അവരോട് തന്മയത്വത്തോടെ ഇടപെടേണ്ടത് അനിവാര്യമാണ്.
മാതാപിതാക്കള്‍ പലപ്പോഴും നേരിടുന്ന ബുദ്ധിമുട്ടാണ് ദേഷ്യം പിടിച്ചുനിര്‍ത്തുക എന്നത്. ക്ഷമയോടെ കുട്ടികളോട് ഇടപെടുന്നതില്‍ പലരും പരാജയപ്പെടാറുണ്ട്. എന്നാലിത് സ്വയം പരിശീലിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യണം. ഇതിനായി നാല് പരിശീലനഘട്ടങ്ങള്‍ വിശദീകരിക്കുകയാണ് മനശാസ്ത്ര വിദഗ്ധര്‍.
കുട്ടികളോട് ഇടപെടുമ്പോള്‍ പതിവായി നിങ്ങളെ അലട്ടുന്ന സാഹചര്യം അല്ലെങ്കില്‍ കാരണം എന്താണെന്ന് മനസ്സിലാക്കുക. ദേഷ്യമുണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിയുന്നതാണ് അത് പരിഹരിക്കുന്നതിനുള്ള ആദ്യഘട്ടം.
എന്തുകൊണ്ടാണ് ദേഷ്യം വരുന്നത് അല്ലെങ്കില്‍ നിയന്ത്രണം വിടുന്നത് എന്ന് കണ്ടെത്തിയാല്‍ ഇനിയൊരു തവണ ആ സാഹചര്യം ഉണ്ടാകുമ്പോള്‍ ബോധപൂര്‍വം ഓര്‍ത്ത് സ്വയം നിയന്ത്രിക്കുക. ഈ സമയത്ത് സംസാരമടക്കം എല്ലാ കാര്യങ്ങളും ഒന്ന് നിര്‍ത്തിവയ്ക്കുന്നതാണ് നല്ലത്. അതുകഴിഞ്ഞ് ഇതുവരെ ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ആ സാഹചര്യത്തെ കൈകാര്യം ചെയ്തുനോക്കാം. ഇങ്ങനെ ഒരു തവണ മനസ്സില്‍ ചെയ്തുനോക്കുന്നതും നല്ലതാണ്.
കുട്ടികള്‍ക്ക് മുമ്പില്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വയം പരിശീലിക്കണം. ദേഷ്യം കുറയ്ക്കാനായി വ്യായാമം, യോഗ, കൗണ്‍സിലിംഗ് പോലുള്ളവ സഹായിക്കും. മുന്നിലുള്ള കാര്യങ്ങളെ കുറച്ചുകൂടി ലഘുവായി സമീപിക്കാന്‍ സ്വയം പാകപ്പെടുത്തണം.
കുട്ടികളോട് സംസാരിക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോഴും നിങ്ങളുടെ സ്നേഹവും കരുതലും അതില്‍ പ്രതിഫലിക്കണം. അല്ലാത്തപക്ഷെ കുട്ടികളുടെ മനസ്സില്‍ അത് തെറ്റായ രീതിയിലായിരിക്കും പ്രതിഫലിക്കുക.
Post Your Comments