പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ (44) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയാണ് അറസ്റ്റിലായത്. വധഗൂഢാലോചനയിൽ പങ്കാളിയായ അമീർ അലി പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഇതുവരെ 27 പേർ അറസ്റ്റിലായിട്ടുണ്ട്. കേസിലെ 37-ാം പ്രതി ബഷീറിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാലക്കാട് വെണ്ണക്കര സ്വദേശിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഏപ്രിൽ 16 നായിരുന്നു ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
രണ്ട് ബൈക്കുകളിലായി ആറ് പേർ എത്തുകയും അതിൽ മൂന്ന് പേർ കടയിൽ കയറി ശ്രീനിവാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Post Your Comments