ന്യൂഡൽഹി: പുതിയ നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇനി അച്ചടിക്കുന്ന കറൻസികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. കറൻസി നോട്ടുകളിൽ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങൾ ഉള്ളത് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രമുള്ള മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയുടെ ഉദാഹരണം കെജ്‌രിവാൾ ഉദ്ധരിച്ചു.
‘നമ്മൾ എത്ര ശ്രമിച്ചിട്ടും ചില സമയങ്ങളിൽ ദൈവങ്ങളും ദേവതകളും നമ്മെ അനുഗ്രഹിച്ചില്ലെങ്കിൽ നമ്മുടെ പ്രയത്നങ്ങൾ ഫലവത്താകില്ല. നമ്മുടെ കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോകൾ വേണമെന്ന് ഞാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നു. ഇന്തോനേഷ്യയ്ക്ക് കഴിയുമെങ്കിൽ നമുക്ക് എന്തുകൊണ്ട് കഴിയില്ല? മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ട്. ഫോട്ടോകൾ പുതിയ നോട്ടുകളിൽ പ്രിന്റ് ചെയ്യണം’, അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യയുടെ 20,000 രൂപയുടെ നോട്ടിൽ ഗണപതിയുടെ ചിത്രം അച്ചടിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാനുള്ള ശ്രമങ്ങൾക്ക് പുറമെ സർവ്വശക്തന്റെ അനുഗ്രഹം കൂടി ആവശ്യമാണെന്നാണ് കെജ്‌രിവാളിന്റെ കണ്ടെത്തൽ.
Post Your Comments