KeralaLatest NewsNews

കേരള പിറവി 2022: ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാള ഭാഷയുടെ പേരില്‍ – അറിയാം ആ ചരിത്രം

തിരുവനന്തപുരം: ഐക്യകേരളത്തിന് ഈ വരുന്ന നവംബർ ഒന്നിന് 66 വയസ് തികയുകയാണ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെയ്ക്കാനൊരുങ്ങുകയാണ് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കി ഐക്യ കേരളത്തിന്‍റെ പിറവി.

അങ്ങനെ 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍ അതോടെ സാധ്യമായി. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാള ഭാഷയുടെ പേരിലായിരുന്നു. മലയോരവും തീരവും ഇടനാടും ഒന്നായി അറിയപ്പെട്ട തുടങ്ങി. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി കേരളം മാറി.

1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരള സംസ്ഥാന രൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

കേരള സംസ്ഥാനത്തിന്‍റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിച്ചു. ബി. രാമകൃഷ്ണ റാവു ഗവര്‍ണറായി തിരുകൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നായിരുന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

shortlink

Related Articles

Post Your Comments


Back to top button