ലണ്ടന്‍: യു.കെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് സുനകിന്റെ പ്രസ്താവന. വരും തലമുറകളെ കടത്തിലേക്ക് തള്ളിവിടില്ലെന്നും രാജ്യത്തെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇന്ത്യ ലിറ്ററസി പ്രോഗ്രാം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യകത: എം.എല്‍.എ
സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാനലക്ഷ്യം. കടുത്ത തീരുമാനങ്ങള്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കാമെന്നും സുനക് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിനും സുനക് നന്ദിയറിയിച്ചു. അവരുടെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നല്ല ഉദ്ദേശം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മാറ്റമുണ്ടാക്കാനുള്ള വിശ്രമമില്ലാത്ത അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും സുനക് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ചാള്‍സ് രാജാവുമായി ഋഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയാണ് സുനക് ചാള്‍സ് രാജാവിനെ കണ്ടത്.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിരാളി പെന്നി മോര്‍ഡൗണ്ടും പിന്മാറിയതോടെയാണ് ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടി പരാജയപ്പെട്ടത്. എന്നാല്‍ സാമ്പത്തിക നയത്തിലെ പരാജയം ഏറ്റുപറഞ്ഞ് അധികാരത്തിലെത്തി നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെക്കുകയായിരുന്നു.
Post Your Comments