അഞ്ജു പാർവതി പ്രഭീഷ്
ഋഷി സുനക്! ഇന്ത്യൻ വംശജനായ ഈ നാല്പത്തിരണ്ടുകാരൻ ജനാധിപത്യത്തിൻ്റെ ഈറ്റില്ലമായ ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കുന്നത് ഒരൊറ്റ കാരണം കൊണ്ട് മാത്രം. ഇരുന്നൂറ് വർഷത്തോളം നമ്മെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ അധിപന്മാരെന്നു അഭിരമിച്ച ഒരു സാമ്രാജ്യത്തിൻ്റെ അമരത്ത് ഭാരതത്തിൽ വേരുകളുള്ള ഒരാൾ വന്നിരിക്കുന്നു!
ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോൾ ഓരോ സനാതനധർമ്മിയും സന്തോഷിക്കുന്നത് ഒരൊറ്റ കാരണത്താൽ. അത് 1930കളിൽ തന്നെ ബ്രിട്ടീഷ് ഇന്ത്യ വിട്ട് ഇതര രാജ്യങ്ങളിൽ കുടിയേറിയിട്ടും തങ്ങളുടെ സനാതന പൈതൃകം കൈവിടാതെ കാത്തുസൂക്ഷിച്ച പൂർവ്വികരുടെ അതേ പാതയിൽ ഋഷി സുനക് തുടർന്നതിനും സിരകളിൽ പടർന്ന സംസ്കൃതിയും പൈതൃകവും പിൻതുടരാൻ ഒരു ബ്രിട്ടീഷ് പൗരത്വവും തടസ്സമാകാത്തതിനുമാണ്. !
ഋഷി സുനക്! അയാൾ അടിമുടി ബ്രിട്ടീഷ് പൗരനാണ്. അയാളുടെ ചിന്തകളും പ്രവൃത്തിയുമെല്ലാം ബ്രിട്ടൻ്റെ ഉന്നമനത്തിനാണ്. അല്ലാതെ ഇന്ത്യ എന്ന രാജ്യത്തിനു അനുകൂലമായി അയാൾ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നേയില്ല. എന്നിരുന്നാലും അയാളുടെ സ്ഥാനം ഞാനെന്ന ഇന്ത്യക്കാരിയെ, ഞാനെന്ന സനാതനധർമ്മിയെ സന്തോഷിപ്പിക്കുന്നു; അഭിമാനിപ്പിക്കുന്നു. നമ്മളിലൊരാൾ, അതായത് എൻ്റെ പൈതൃകത്തിൻ്റെയും സംസ്കൃതിയുടെയും അതേവേരുകൾ പേറുന്നൊരാൾ നമ്മളെ നൂറ്റാണ്ടുകളോളം അടിമകളാക്കി ഭരിച്ച രാജ്യത്തിന്റെ ഭരണം നടത്താൻ പോകുന്നു. അടിമുടി ബ്രിട്ടീഷ് പൗരനായിരിക്കുമ്പോഴും ഭഗവത് ഗീതയെയും സനാതനധർമ്മത്തെയും ചേർത്തുപ്പിടിക്കുന്നൊരാൾ ആംഗ്ലിക്കൻ രാജ്യത്തിൻ്റെ തലവനാകുന്നു. !! വാനോളം അഭിമാനം; കടലോളം സന്തോഷം.
Post Your Comments