കോയമ്പത്തൂര്‍: ഉക്കടം കോട്ടമേട് ഭാഗത്ത് കോട്ടൈ ഈശ്വരന് കോവിലിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ ഡ്രൈവര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉക്കടം ജി.എം. കോളനിയില്‍ ജമീഷ മുബീനാണ് (25) മരിച്ചത്. ഞായറാഴ്ച വെളുപ്പിന് നാലരയോടെയാണ് സംഭവം. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. അതേസമയം, വാഹനമോടിച്ച ജമീഷ മുബീന്റെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായി ഡി.ജി.പി. ഡോ. സി. ശൈലേന്ദ്രബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ജിനിയറിങ് ബിരുദമുള്ള ജമീഷയെ 2019ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ചോദ്യം ചെയ്തിരുന്നു. പഴയ തുണികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ഇയാളുടെ വീട്ടില്‍ ഉന്നത പോലീസ് സംഘം നടത്തിയ പരിശോധനയില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തി. സ്ഫോടനം നടന്ന കാറില്‍നിന്ന് നിറയെ ആണികളും കണ്ടെത്തിയിരുന്നു. സ്ഫോടനം നടന്നത് ക്ഷേത്രത്തിന് തൊട്ടുമുന്നിലായതുകൊണ്ട് ദുരൂഹതയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.
പൂര്‍ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു ഡ്രൈവറുടെ മൃതദേഹം. സംഭവം നടന്നയുടന്‍ പ്രദേശത്തേക്കുള്ള മുഴുവന്‍ റോഡുകളും പോലീസ് അടച്ചു. .കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. വിരലടയാളവിദഗ്ധരും സ്നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തി. ചെന്നൈയില്‍നിന്ന് പ്രത്യേക ബോംബ് സ്ക്വാഡും എത്തി.
Post Your Comments