ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടത്താതെ പ്രധാനമന്ത്രി ഓരോ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെതിരെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ഡിഎ സര്‍ക്കാരിനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ട്. ഇതിനെ മറികടക്കാന്‍ സംസ്ഥാനത്ത് ബിജെപിക്ക് ജനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു.
‘അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുര സന്ദര്‍ശിക്കാനൊരുങ്ങുകയാണ് മോദി. അതും ഇതേ ഉദ്ദേശം ലക്ഷ്യം വെച്ചാണ്. വോട്ടർമാരെ ആകർഷിക്കാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതികൾ പ്രഖ്യാപിക്കുന്ന മോദിയുടെ തന്ത്രം ഇത്തവണ ത്രിപുരയിൽ വെളിപ്പെടും’ എന്നും സീതാറാം യെച്ചൂരി പറഞ്ഞു. വികസനത്തിനായി ബിജെപിയെ തിരഞ്ഞെടുക്കാനാണ് മോദി വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത്. അടുത്തിടെ ഗുജറാത്തിലെ ബിജെപി സർക്കാർ 38 ലക്ഷം കുടുംബങ്ങൾക്ക് 1,650 കോടി രൂപ ചിലവിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു.
ഇതെല്ലാം വോട്ട് വാങ്ങാൻ മാത്രമുളള ബിജെപിയുടെ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വാങ്ങാൻ ബിജെപി “രാഷ്ട്രീയ ഫണ്ടിംഗ്” ദുരുപയോഗം ചെയ്യുകയാണെന്നും അതിനെ പിന്തുണയ്ക്കാൻ പാർലമെന്റും കോടതികളും തെരഞ്ഞെടുപ്പ് കമ്മീഷനും സമ്മർദ്ദത്തിലാണെന്നും യെച്ചൂരി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റാലും സർക്കാർ രൂപീകരിക്കാനുള്ള പുതിയ സംസ്ക്കാരമാണ് കാവി പാർട്ടി കൊണ്ടുവന്നിരിക്കുന്നത്. ബിജെപിയെ എതിർക്കുന്നവർ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളിൽ നിന്ന് ചൂഷണം നേരിടേണ്ടിവരുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Post Your Comments