Latest NewsIndia

നാക്കു വെളിയിലേക്കിട്ട് ഇരു കൈകളും നീട്ടി, എന്തോ പറയാൻ ശ്രമിച്ചു, ജയലളിതയുടെ അവസാന നിമിഷങ്ങൾ 

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ അവസാന കാലത്ത് ഏറെ മാനസിക സംഘർഷത്തിലൂടെയും ശാരീരിക ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത് എന്ന് റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അനുഭവിക്കേണ്ടിവന്ന ശിക്ഷ അവർക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. 2016 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെ അവർക്ക് നിരവധി അസുഖങ്ങൾ ബാധിച്ചു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്, ജസ്റ്റിസ് അറുമുഖസ്വാമി കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് മരണവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളുള്ളത്. ശശികല ഉൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്നും ഇതിലുണ്ട്. എയിംസിലെ വിദഗ്ധരും യുകെയിൽ നിന്നുള്ള ഡോ. റിച്ചാർഡ് ബീലും ജയലളിതയെ വിദേശത്ത് കൊണ്ടുപോയി ആൻജിയോഗ്രാമും മറ്റ് ചികിത്സകളും നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.

എന്നാൽ , 75 ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ 2016, ഡിസംബർ 5 നാണ് ജയലളിത അന്തരിച്ചത്. വിദഗ്ധർ നിർദേശിച്ചിട്ടും ജയലളിതയെ ചികിത്സയ്‌ക്ക് വിദേശത്തേക്ക് കൊണ്ടുപോകാത്തത് ഉൾപ്പെടെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശശികല പോലീസിന് നൽകിയ മൊഴിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശശികലയുടെ വെളിപ്പെടുത്തൽ ഇങ്ങനെ,

2016 മുതൽ അക്കയുടെ (ജയലളിത) ശരീരത്തിന്റെ പല ഭാഗങ്ങളെയും അസുഖങ്ങൾ ബാധിക്കാൻ തുടങ്ങി. തന്റെ ദൈനംദിന സർക്കാർ ജോലികൾ വരെ വളരെ പ്രയാസത്തോടെയാണ് അവർ ചെയ്തുകൊണ്ടിരുന്നു. ഇതോടെ ഡോക്ടർമാർ ചെറിയ അളവിൽ സ്റ്റിറോയിഡുകൾ നൽകാൻ തീരുമാനിച്ചു. പിന്നാലെ ത്വക്ക് രോഗങ്ങൾ മാറി. തുടർന്ന് ഡോക്ടർമാർ പടിപടിയായി സ്റ്റിറോയിഡിന്റെ അളവ് കുറച്ചു. 2016 സെപ്റ്റംബർ 21-ന് ഒരു ഔദ്യോഗിക പരിപാടിക്ക് ശേഷം ജയലളിതയ്‌ക്ക് കടുത്ത പനി ബാധിച്ചു.

പിറ്റേന്ന്, തളർന്നുകിടക്കുന്നത് കണ്ട ജയലളിതയോട് ആശുപത്രിയിൽ പോകാൻ ശശികല ഉപദേശിച്ചു. എന്നാൽ ജയലളിത ഇതിന് വിസമ്മതിച്ചു. ശശി എനിക്ക് തലകറക്കം തോന്നുന്നു, ഇങ്ങോട്ട് വാ. എന്നവർ വിളിച്ചുപറഞ്ഞു. താൻ ഉടനെ ബാത്‌റൂമിൽ പോയി അവരെ കൂട്ടിക്കൊണ്ടുവന്ന് കട്ടിലിൽ ഇരുത്തി, താനും അവരുടെ അടുത്തിരുന്നു. അപ്പോൾ പെട്ടെന്ന് അവർ തന്റെ തോളിലേക്ക് തളർന്നുവീഴുകയായിരുന്നു. തുടർന്ന്, ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത മാസങ്ങളിൽ ജയലളിതയ്‌ക്ക് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് അവരെ ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കി.

10 ദിവസത്തെ നടപടിക്രമത്തിന് ശേഷം, ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന ട്യൂബ് കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അത് നീക്കം ചെയ്യാനും അവർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. അപ്പോളോ ആശുപത്രിയിൽ നിന്ന് തന്നെ ഇഡ്ഡലി, പൊങ്കൽ, വട തുടങ്ങിയ സാധനങ്ങളാണ് അവരപ്പോൾ കഴിച്ചിരുന്നത്. ജയലളിതയുടെ അവസാന നിമിഷങ്ങളും ശശികല വിശദീകരിച്ചു. ”അക്കയുടെ നാവ് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു, അക്ക പല്ലിറുക്കിക്കൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞയാൻ ശ്രമിച്ചു.

‘അക്കാ, അക്കാ’ എന്ന് ഞാൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ അവർ എന്നെ നോക്കി, ഇരുകൈകളും എനിക്ക് നേരെ ഉയർത്തി. ഞാൻ ചാടി അക്കയെ പിടിച്ചു. പിന്നാലെ എന്നെ നോക്കി അക്ക കട്ടിലിൽ ചാരിക്കിടന്നു.” ശശികല പറഞ്ഞു.പെട്ടെന്ന് ഡോക്ടർമാരും നഴ്‌സുമാരും വന്ന് ചികിത്സ നൽകാൻ തുടങ്ങി. ജയലളിതയ്‌ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്ന് ഡോക്ടർമാർ അറിയിച്ചതോടെ താൻ കുഴഞ്ഞ് വീണുവെന്ന് ശശികല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button