പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിക്കേസിൽ റോസ്ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. ഇവ റോസ്ലിയുടെ തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതായാണ് വിവരം. ഷാഫിയെ ചോദ്യം ചെയ്തതോടെയാണ് ഇവ കണ്ടെടുത്തത്. എന്നാൽ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം പ്രതികള്‍ രണ്ടാമതു കൊലപ്പെടുത്തിയ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തി. എറണാകുളം സെന്‍ട്രല്‍ എ.സി.പി. സി. ജയകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രതി ഷാഫിയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എ.സി. കനാലില്‍ മുങ്ങിപ്പരിശോധിച്ചെങ്കിലും പാദസരം കിട്ടിയില്ല.
കൂടാതെ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതൽ രക്ത സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്ലിയുടെ മകളുടെയും രക്തസാംപിളുകളുമാണു വീണ്ടും ശേഖരിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്കു ശരീരഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിക്കും.
Post Your Comments