തിരുവനന്തപുരം: 2026 ഓടെ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു എനർജി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഈ നേട്ടം കൈവരിക്കാൻ കഴിയും. മാലിന്യ സംസ്‌കരണ രംഗത്ത് ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗത്തിൽ തീരുമാനമായി. ദ്രവമാലിന്യ രംഗത്ത് പ്രത്യേക ഇടപെടൽ നടത്താനും മന്ത്രി നിർദ്ദേശിച്ചു.
Read Also: ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്‍കി എസ്എഫ്ഐ: രാഹുല്‍ ഗാന്ധിയെ കാത്ത് വിദ്യാര്‍ത്ഥി നേതാക്കള്‍
വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ലാ സമിതികളെ കാര്യക്ഷമമാക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പ്രതിനിധികൾ ഇതിൽ അംഗങ്ങളായിരിക്കും. സംസ്ഥാന തലത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ശുചിത്വമിഷനായിരിക്കും ഏകോപന ചുമതല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്ന മാലിന്യ സംസ്‌കരണ പദ്ധതികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
മികച്ച നിക്ഷേപ സാധ്യതയുള്ള മേഖല എന്ന നിലയിൽ സ്വകാര്യനിക്ഷേപകരുടെ പങ്കാളിത്തം മാലിന്യസംസ്‌കരണരംഗത്ത് വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. മാലിന്യ സംസ്‌കരണ മേഖലയിൽ ലഭ്യമായ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും സംവിധാനങ്ങളും പരിചയപ്പെടുത്താനുള്ള അന്താരാഷ്ട്ര ടെക്നിക്കൽ കോൺക്ലേവ് ജനുവരി 12,13,14തീയതികളിൽ എറണാകുളത്ത് നടക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും കോൺക്ലേവിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഏറ്റവും ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് മാലിന്യ സംസ്‌കരണ പദ്ധതികളോടുള്ള കാഴ്ചപ്പാട് മാറണം. മാലിന്യ സംസ്‌കരണമല്ല, സംസ്‌കരിക്കാത്ത മാലിന്യമാണ് കൂടുതൽ അപകടകരമെന്ന് ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കേരളം എത്താതിരിക്കാൻ മാലിന്യ സംസ്‌കരണ പദ്ധതികളുമായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാലിന്യം ശേഖരിക്കാനുള്ള സംസ്ഥാനത്തെ ഏക ഏജൻസിയായി ഹരിതകർമ്മസേനയെ ശക്തിപ്പെടുത്തും. ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും പ്രതിമാസ വേതനമായി ഹരിതകർമ്മസേനാ അംഗങ്ങൾക്ക് ഉറപ്പാക്കും. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമെല്ലാം സ്മാർട്ട് ഗാർബേജ് ആപ്പ് വഴിയുള്ള നിരീക്ഷണം ഫലപ്രദമായി നടപ്പിലാക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും അടിയന്തിരമായി സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മാലിന്യ സംസ്‌കരണ പദ്ധതികൾ ആരംഭിക്കാൻ ഭൂമി ആവശ്യത്തിന് ലഭ്യമാകാത്തത് പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി. വിവിധ സർക്കാർ ഏജൻസികളുടെ ഭൂമി ലഭ്യമാക്കാനുള്ള ശ്രമം തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.
യോഗത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ കെ ടി ബാലഭാസ്‌കർ, കെഎസ്ഡബ്ല്യൂഎംപി എംഡി ഡോ അദീലാ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments