Latest NewsNewsIndiaDevotionalSpirituality

ദീപാവലി – ദീപങ്ങളുടെ ഉത്സവം, ഐതീഹ്യമെന്ത്?

ഭാരതമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലിക്ക് പിന്നിലെ ഐതീഹ്യം എന്തെന്ന് അറിയാമോ? പല കഥകള്‍ പ്രചാരത്തിലുണ്ട്. അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി.

ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടുപന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു. ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേറ്റയാൽ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത്.

ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിച്ചു.
പിറവിയെടുത്തത് അതിശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്ന് ഒരു വരവും കൊടുത്തു.

ഈ വരം അവനെ അഹങ്കാരിയാക്കി മാറ്റി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല. ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.

ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത്. അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌.

മറ്റൊരൈതീഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലൂടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. രണ്ട് ഐതീഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button