തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ. ഇന്നലെ ഉച്ചയ്ക്കു ശേഷം മിക്കയിടങ്ങളിലും കനത്ത മഴയായിരുന്നു.
കനത്ത മഴയിൽ ചെറുതോണി ടൗണിൽ പോലീസ് സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ നാലരയോടെയാണ് അപകടം. നെടുങ്കണ്ടം സ്വദേശി ജോഷ്വായുടെ കാർ ആണ് അപകടത്തിൽപെട്ടത്. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.
കാറിൽ 3 യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കരിമ്പൻ സ്വദേശി അശ്വിന്റെ ബൈക്കും മണ്ണിനടിയിൽ പെട്ടു. മണ്ണിടിച്ചിലിനു ഒപ്പം മരവും വൈദ്യുതി തൂണും റോഡിലേക്ക് പതിച്ചതോടെ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇത് കൂടാതെ, കനത്ത മഴയിൽ പെരിഞ്ചാൻകുട്ടി സിറ്റിക്ക് സമീപം റോഡ് വെള്ളത്തിനടിയിലായി. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. ചപ്പാത്ത് കരകവിഞ്ഞ താണ് വെള്ളം റോഡിലേക്ക് കയറിയത്.
ഇതോടെ, മുള്ളിരിക്കടി- പെരിഞ്ചാൻകുട്ടി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മഴയ്ക്ക് ശമനം ഉണ്ടായതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങൾ മറുകര എത്തിച്ചത്.
Post Your Comments