കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യസൂത്രധാരൻ ഷാഫി ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. മൂന്ന് ദിവസത്തിലധികമായി ഷാഫി അടക്കമുള്ള അപ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഭഗവൽ സിംഗും ലൈലയും പൊലീസിനോട് സഹകരിക്കുന്നുണ്ട്. എന്നാൽ, ഷാഫി മാത്രം ‘മൗന’ത്തിലാണ്. ചോദ്യം ചെയ്യലിന് മുമ്പിൽ ഭാവഭേദമില്ലാതെ ആണ് ഷാഫി നിൽക്കുന്നത്.
ഒന്നിലധികം സംഘങ്ങൾ രാവും പകലും ഷാഫിയിൽനിന്ന് വിവരം തേടാൻ ശ്രമിച്ചിട്ടും ഇയാൾ സഹകരിക്കുന്നില്ലെന്നാണ് വിവരം. മനപൂർവം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. ‘നീ ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചോ…?’ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി ചെറുചിരി മാത്രമായിരുന്നു. ഷാഫിയിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.
ഇലന്തൂരിലെ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയത് ഷാഫിയും ലൈല സഹായിയുമായിരുന്നു. ഭഗവൽ സിംഗ് എല്ലാറ്റിനും കൂട്ടുനിൽക്കുകയായിരുന്നു. ഭഗവൽ സിംഗും ലൈലയും ചേർന്ന് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് പറയുന്നത്. ഇത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഭഗവൽ സിംഗും ലൈലയും മൊഴി നൽകി.
അതേസമയം, ഷാഫി മുമ്പ് മോർച്ചറിയിൽ സഹായിയായും ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് ശരീരങ്ങൾ വെട്ടിനുറുക്കാൻ സഹായിച്ചിട്ടുണ്ടാകാം. എങ്കിലും മൃതദേഹങ്ങൾ മറവുചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസിനുണ്ട്. രണ്ടു സ്ത്രീകളേയും കെട്ടിയിടാൻ ഉപയോഗിച്ച കയർ, കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി എന്നിവ വാങ്ങിയ കടകളിൽ ഭഗവൽ സിംഗിനെ എത്തിച്ചുളള തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്. തെളിവെടുപ്പിനായി ഭഗവൽ സിംഗിനെ വീണ്ടും ഇലന്തൂരിൽ എത്തിക്കും.
Post Your Comments