കണ്ണൂര്‍: താവക്കരയിലെ അങ്കണവാടിയില്‍ അതിക്രമിച്ച് കടക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്ത കള്ളന്‍ ഒടുവില്‍ പിടിയില്‍. മട്ടന്നൂര്‍ സ്വദേശി നഞ്ചേടത്ത് വീട്ടില്‍ വിജേഷിനെയാണ് കണ്ണൂര്‍ സിറ്റി പോലീസ് ആണ് പിടിയിലായത്. മൂന്ന് തവണയാണ് പ്രതി താവക്കര അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ചു കുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ച് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ജനല്‍ കമ്പികളും ടൈലും തകര്‍ത്തിരുന്നു. അടുക്കള ഭാഗത്തെ സീലീങ് വഴിയാണ് മോഷ്ടാവ് അകത്തുകടക്കുന്നത്. ഭക്ഷണം കഴിച്ചശേഷം മേശയില്‍ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു. അതേസമയം പിടികൂടിയപ്പോൾ മോഷ്ടാവിന് പറയാനുള്ളത് ഒരു കദന കഥയായിരുന്നു.
ജോലിയും കൂലിയും ഇല്ലെന്നും വിശന്നുവലഞ്ഞപ്പോഴാണ് അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കി കഴിച്ചതെന്നുമായിരുന്നു വിജേഷ് പോലീസിനോട് പറഞ്ഞത്. അരിയും പയറും പൂട്ടിവെച്ചതുകൊണ്ടാണ് അതിക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിജേഷിനെതിരെ പോലീസ് കേസെടുത്തു.
Post Your Comments