Latest NewsKeralaNews

ലൈഫ് 2020 പട്ടിക: വീട് നിർമ്മാണത്തിന് തുടക്കമാകുന്നു

തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കൾക്ക് വീട് നൽകുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങൾ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവർഗ-മത്സ്യത്തൊഴിലാളിമേഖലയ്ക്കും അതിദരിദ്രരായി സർക്കാർ കണ്ടെത്തിയവർക്കും മുൻഗണന നൽകിയാകും പ്രക്രിയ ആരംഭിക്കുക. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേർക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം.

Read Also: ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടിൽ കവർച്ച നടത്തിയ മുഹമ്മദ് ഷാഫി അറസ്റ്റിൽ

ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങൾ ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് കൈമാറും. ഈ സാമ്പത്തിക വർഷം 1,06,000 വീട് നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യം. പട്ടിക വർഗ സങ്കേതങ്ങളിൽ വീടുവെക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് ആറ് ലക്ഷം രൂപയാണ് ധനസഹായം. മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ സർക്കാർ നൽകുന്നത്. എല്ലാമനുഷ്യർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂർത്തിയായത്. ലൈഫിന്റെ ഒന്നാം ഘട്ടത്തിൽ പേരുള്ള, ഇനിയും കരാറിൽ ഏർപ്പെടാത്ത ഭൂമിയുള്ള ഭവനരഹിതർ 4360 ആണ്. സി ആർ ഇസെഡ്, വെറ്റ്ലാൻഡ് പ്രശ്നങ്ങൾ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങൾ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറിൽ ഏർപ്പെടാത്തവരുടെ വിശദാംശങ്ങൾ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കും. ‘മനസോടിത്തിരി മണ്ണ്’ പദ്ധതിയിലൂടെ നിലവിൽ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതർക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും. കൂടുതൽ ഭൂമി സംഭാവന ചെയ്യാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യർഥിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ലൈഫ് സിഇഒ പി ബി നൂഹ് തുടങ്ങിയവർ പങ്കെടുത്തു.

Read Also: കൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതി, അതിനാണ് മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് പ്രതികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button