തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തിന് സാമൂഹിക പരിരക്ഷക്കൊപ്പം സർഗാത്മക വേദികളൊരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന ട്രാൻസ് ജെൻഡർ കലോൽസവം വർണപ്പകിട്ട് 2022 ന്റെ ഭാഗമായി നടന്ന വിളംബര ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ വിവിധ തൊഴിൽ മേഖലകളിലടക്കം ട്രാൻസ് സമൂഹത്തിൻറെ പ്രാതിനിധ്യം വർധിച്ചുവരുന്നത് നല്ല പ്രവണതയാണ്. ട്രാൻസ് ജെൻഡർ സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നത്. ആധുനിക സമൂഹത്തിന് അപമാനകരമാണ്. മനുഷ്യ സ്നേഹത്തിലൂടെയും മാനവികതയിലൂടെയും ട്രാൻസ്ജെൻഡർ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് സർക്കാരിൻറെ പ്രഖ്യാപിത നയം. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ട്രാൻസ് വ്യക്തികളെ സംസ്ഥാന സർക്കാർ അവാർഡുകൾ നൽകി ആദരിക്കുന്നു.അവരുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ തുടർച്ചയാണ് ട്രാൻസ്ജെൻഡർ കലോത്സവ മടക്കമുള്ള പരിപാടികളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വി കെ പ്രശാന്ത് എം എൽ എ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എം അഞ്ജന തുടങ്ങിയവർ പങ്കെടുത്തു. ഫ്ളാഗ് ഓഫ് ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി.
‘നമ്മളിൽ ഞങ്ങളുമുണ്ട് എന്ന സന്ദേശമുയർത്തിയാണ് ഒക്ടോബർ 15, 16 തിരുവനന്തപുരത്ത് കലോൽസവം നടക്കുന്നത്. ഒക്ടോബർ 15 ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ ആർ. ബിന്ദു കലോൽസവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, വി കെ പ്രശാന്ത് എം എൽ എ തുടങ്ങിയവർ പങ്കെടുക്കും. 21 മൽസര ഇനങ്ങളിലായി 250 ഓളം ട്രാൻസ്ജെൻഡർ വ്യക്തികൾ മത്സരിക്കും. അയ്യങ്കാളി ഹാളും യൂണിവേഴ്സിറ്റി കോളേജുമാണ് വേദികൾ.
Post Your Comments