ചെറുതോണി: ഇലന്തൂരിലെ നരബലികളുടെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെ കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേരളത്തിൽ ഇയാൾ കറങ്ങാത്ത പ്രദേശങ്ങളില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടത്. സ്വന്തം ജന്മനാട്ടിൽ പോലും ഇയാൾ മുഹമ്മദ് ഷാഫി ആയിരുന്നില്ല. ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിൽ ഇയാൾ അറിയപ്പെട്ടിരുന്നത് ആന്ധ്രാക്കോയ എന്ന പേരിലാണെങ്കിൽ ജന്മനാട്ടിൽ ഇയാൾ റഷീദായിരുന്നു.
ഷാഫിയുടെ സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ്. റഷീദ് എന്ന പേരിലാണ് ഇയാൾ പെരുമ്പാവൂരിൽ അറിയപ്പെടുന്നത്. വെങ്ങോല കണ്ടംതറയിൽ വേഴപ്പിള്ളി വീട്ടിൽ മൻസൂറിൻ്റെ മകനായ ഷാഫി കുട്ടിക്കാലത്ത് തന്നെ നാടുവിട്ടു. തൻ്റെ പതിനാറാമത്തെ വയസ്സിൽ വീടുവിട്ട ഇയാൾ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് താമസിച്ചത്. നരബലി സംഭവം വാർത്തയായതിനു പിന്നാലെ ഇടുക്കി മുരിക്കാശ്ശേരി സ്വദേശികൾ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ആന്ധ്രാക്കോയ എന്ന പേരിലാണ് ഇയാൾ ഈ പ്രദേശത്ത് അറിയപ്പെടുന്നത്.
ഇയാളുടെ യഥാർത്ഥ പേര് ഈ നാട്ടുകാർക്ക് ആർക്കുമറിയില്ലെന്നുള്ളതാണ് വസ്തുത. ഈ പ്രദേശത്ത് ഇയാൾ സ്ഥിരം പ്രശ്നക്കാരനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മോഷണവും ഇയാളുടെ സന്തത സഹചാരിയായിരുന്നു. പല അവസരങ്ങളിലും ഇയാൾ നാട്ടുകാരുമായി പ്രശനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രപെട്ടെന്ന് മറക്കുന്ന മുഖമല്ല ഷാഫിയുടേതെന്നാണ് നാട്ടുകാർ പറയുന്നതും. അതേസമയം ഷാഫി താമസിച്ചിരുന്ന ഇടങ്ങളിൽ സംഭവിച്ചിട്ടുള്ള തിരോധാന കേസുകൾ അന്വേഷിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നതും.
വളരെ അപൂർവ്വമായ സ്വഭാവ വെെകല്യത്തലിന് ഉടമയാണ് ഷാഫിയെന്നാണ് പൊലീസ് പറയുന്നത്. പുറമേ സൗമ്യനായാണ് ഇയാൾ കാണപ്പെടുന്നത്. എന്നാൽ അത്യന്തം അപകടകരമായ മനോവൈകല്യത്തിനുടമയാണ് ഷാഫിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളുടെ ശരീര ഭാഗങ്ങൾ ഇയാൾ ഭക്ഷിച്ചിരുന്നു എന്നാണ് വിവരം. ഇക്കാര്യം ഇയാൾ പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ ക്രൂരത കൂസലന്യേ സമ്മതിച്ചതിലൂടെ ഇയാളുടെ പ്രത്യേക സ്വഭാവമാണ് അനാവൃതമാകുന്നതെന്നും പൊലീസ് പറയുന്നു.
ഇയാളുടെ സംസാരത്തിൽ മയങ്ങി കൂടുതൽപ്പേർ നരബലിക്ക് ഇരകളായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ചോദ്യം ചെയ്യലിന് ഇയാൾ സഹകരിക്കുന്നില്ലെന്നുള്ളത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. മറ്റുള്ളവരുമായി ഇടപഴകാൻ ഇയാൾക്ക് അസാമാന്യ വിരുതനാണ്. ആരേയും വിശ്വസിപ്പിക്കാൻ ഷാഫിയുടെ കഥകൾക്കാകും. സൗമ്യസ്വഭാവത്തിലൂടെ ഇരകളെ വീഴ്ത്തി ക്രൂരസ്വഭാവം പുറത്തെടുക്കുന്ന ഷാഫി എന്നും പേടിക്കേണ്ട ഒരാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രായഭേദമെന്യേ സ്ത്രീകളെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കുകയും അതിൽ ആനന്ദം കണ്ടെത്തുന്നതും ഇയാളുടെ രീതിയാണ്.
Post Your Comments