KeralaLatest NewsNews

നിശ്ചയിച്ച സമയത്ത് തന്നെ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുൻ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: യു കെ റിക്രൂട്ട്മെന്റ് ധാരണാപത്രം: നഴ്സിങ്, ഇതര മേഖലകളിൽ വൻ സാധ്യത തുറക്കുന്നതെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ

സമരം കാരണം കരാർ കമ്പനിക്കുണ്ടായ നഷ്ടം സംബന്ധിച്ച് നിയമ, ധനവകുപ്പുകളുമായി ചർച്ച ചെയ്തതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈകൊള്ളും. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ സമരക്കാരുൾപ്പെടെ ആരുമായും ചർച്ചകൾക്ക് സർക്കാർ തയ്യാറാണ്. സമരം ചെയ്യുന്ന തൊഴിലാളി സമൂഹത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാർ എക്കാലത്തും കൈകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതുകൊണ്ടാണ് സമരക്കാരുമായി ചർച്ച നടത്തുന്നതിന് ഒരു മന്ത്രിസഭ ഉപസമിതിയെ സർക്കാർ നിശ്ചയിച്ചത്. സമിതി സമരക്കാരുമായി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ഭൂരിഭാഗം ആവശ്യങ്ങളിലും സമരക്കാർക്ക് തൃപ്തികരമായ തീരുമാനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. സമരക്കാരോട് പ്രതികാര മനോഭാവം സർക്കാർ പുലർത്തുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉഭയ സമ്മതത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരം മൂലം ചില നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കരാർ കമ്പനി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പരസ്പരം ചർച്ച നടത്തി മുന്നോട്ട് പോകുവാനാണ് സർക്കാരിന്റെ ശ്രമം.

നഷ്ടപ്പെട്ട പ്രവർത്തിദിനങ്ങൾ വീണ്ടെടുക്കുന്നതിന് കൂടുതൽ തൊഴിലാളികളെയും ഉപകരണങ്ങളും എത്തിക്കാമെന്ന് കരാർ കമ്പനി സമ്മതിച്ചിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുവാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. അതിന്റെ തുടർ നടപടികൾ ത്വരിതപ്പെടുത്തുവാൻ തുറമുഖ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം സംബന്ധിച്ചും താമസം കൂടാതെ നടപടികൾ സ്വീകരിക്കും.

പ്രദേശ വാസികൾക്ക് തൊഴിൽ ലഭിക്കുന്ന പ്രൊജക്ടുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ പഠനങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. ദേശീയ പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പോർട്ട് റോഡിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ധാരണയായി. ഇതിനാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഡിസൈൻ സംബന്ധിച്ച വിഷയത്തിൽ തുറമുഖ സെക്രട്ടറി നാഷണൽ ഹൈവെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ധാരണയിലെത്തും. മണ്ണെണ്ണ ഇന്ധനമാക്കിയിട്ടുള്ള മത്സ്യബന്ധന യാനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുവാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് മണ്ണെണ്ണ ഇതര ഇന്ധനങ്ങളിലേക്ക് മാറുന്നതിന് മത്സ്യതൊഴിലാളികൾക്ക് ധനസഹായം നൽകുവാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ തുറമുഖ വകുപ്പ് ആവശ്യമായ സഹകരണം നൽകുന്നതാണ്.

യോഗത്തിൽ തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു, വിസിൽ മാനേജിംഗ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, അദാനി തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ, ഓപ്പറേഷൻ മാനേജർ സുശീൽ നായർ തുറമുഖ വകുപ്പിലെയും വിഴിഞ്ഞം തുറമുഖ കമ്പനിയിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button