കൊച്ചി : ചട്ടലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വിഭാഗം കസ്റ്റഡിയിലെടുത്ത വാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് തിരിച്ചടി. ഹര്‍ജി ഹൈക്കോടതി തള്ളി. യൂട്യൂബ് വ്‌ളോഗര്‍മാരുടെ ഹര്‍ജിയിലെ തലശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയന്‍’ എന്ന വാന്‍ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പഴയപടിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എംവിഡി സര്‍ട്ടിഫിക്കറ്റ് തരും വരെ വാഹനം റോഡില്‍ ഇറക്കാനും അനുമതിയില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ വാന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. പത്തിലധികം നിയമലംഘനങ്ങള്‍ക്ക് 42400 രൂപയാണ് എംവിഡി പിഴ ചുമത്തിയത്. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയന്‍ എന്ന വാനും. കണ്ണൂര്‍ കിളിയന്തറ സ്വദേശികളാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. വാഹനം പിടിച്ചെടുത്തതിന് പിന്നാലെ ആര്‍ടി ഓഫീസില്‍ എത്തി ഇരുവരും ബഹളം വയ്ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്ന കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലാകുകയും ചെയ്തു.
വാഹനം പിടിച്ചെടുത്ത വിഷയം കോടതിയിലെത്തി. എന്നാല്‍ വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ സ്റ്റേഷനില്‍ സൂക്ഷിക്കണമെന്ന് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിനെതിരെ വാഹന ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments