ഇലന്തൂര്‍: മന്ത്രവാദത്തിന്റെ പേരില്‍ രണ്ടു സ്ത്രീകളെ നരബലി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഭഗവല്‍ സിങ്ങിന്റെ സഹോദരിയും ലൈലയുടെ സഹോദരനും. ചെയ്ത തെറ്റിനു തക്ക ശിക്ഷ അവര്‍ക്കു ലഭിക്കണമെന്ന് ഇരുവരും നിലപാടറിയിച്ചു.
Read Also: ഷാഫിയുടെ വലയില്‍ വിദ്യാര്‍ത്ഥിനികളും കുടുങ്ങി, പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
‘ചെയ്ത തെറ്റിനു തക്ക ശിക്ഷ അവര്‍ക്കു ലഭിക്കണം. കൊല്ലപ്പെട്ട സ്ത്രീകളുടെ വേദന ആലോചിക്കാന്‍ കൂടിയാകുന്നില്ല’ – പറയുന്നതു ഭഗവല്‍ സിങ്ങിന്റെ 77 വയസ്സുകാരിയായ സഹോദരി. ‘ആഞ്ഞിലിമൂട്ടില്‍ പാരമ്പര്യ വൈദ്യന്മാരുടെ കുടുംബമായിരുന്നു ഞങ്ങളുടേത്. ഭഗവല്‍ സിങ്, കടകംപള്ളി എന്ന വീട്ടുപേര് പിന്നീടു സ്വീകരിച്ചു. ഗാന്ധിജി വന്ന പാവനമായ നാടാണ് ഇലന്തൂര്‍. ഈ നാടിനു മൊത്തം സഹോദരനും ഭാര്യയും അപമാനമായതില് സങ്കടമുണ്ട്. രണ്ടാഴ്ച മുന്‍പും ഇരുവരും കാണാനെത്തിയിരുന്നു. അവര്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല’- അവര്‍ കൂട്ടിച്ചേര്‍ത്തു.
‘തെറ്റുകാരിയാണെങ്കില്‍ ഏറ്റവും വലിയ ശിക്ഷ തന്നെ ലൈലയ്ക്കു ലഭിക്കണം. അവള് ചെയ്ത തെറ്റിന്റെ വലുപ്പം മാത്രമാണ് എന്റെ മുന്നിലുള്ളത്’- ലൈലയുടെ സഹോദരന് പറഞ്ഞു.
‘2 വര്‍ഷം മുന്‍പ് അമ്മ മരിച്ചതു മുതല്‍ ലൈലയുമായി അടുപ്പത്തിലല്ല. അമ്മ മരിച്ചതു ചില ദോഷങ്ങളുടെ പേരിലാണെന്നും ആ ദോഷങ്ങളില്‍നിന്ന് മുക്തി ലഭിക്കാന്‍ പ്രത്യേക പൂജകള്‍ ചെയ്യണമെന്നും ലൈല നിര്‍ബന്ധം പറഞ്ഞിരുന്നു. പൂജകള്‍ ചെയ്തില്ലെങ്കില്‍ കുടുംബത്തില്‍ 5 മരണങ്ങള് തുടരെത്തുടരെ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, സാധാരണ ഗതിയില്‍ ചെയ്യുന്ന എല്ലാ മരണാനന്തര കര്‍മ്മങ്ങളും അമ്മയ്ക്കുവേണ്ടി ചെയ്തിരുന്നതിനാല്‍ അതിനോട് എനിക്കു യോജിപ്പില്ലായിരുന്നു. 2 ദിവസത്തിനകം ലൈല വന്നു കര്‍മ്മങ്ങള്‍ ചെയ്തു മടങ്ങുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണു ലൈലയുമായി അടുപ്പം ഇല്ലാതായത്. ഭഗവല്‍ സിങ്ങുമായുള്ള വിവാഹത്തിനുശേഷം ലൈല കൂടുതല്‍ ഭക്തി മാര്‍ഗത്തിലേക്കു തിരിഞ്ഞു. എന്നാല്‍ ഇത്രയും ക്രൂരമായ അന്ധവിശ്വാസങ്ങളിലേക്കു വളര്‍ന്നത് അറിഞ്ഞിരുന്നില്ല’, – സഹോദരന് പറഞ്ഞു. ലൈലയുടെ ഇളയ സഹോദരന് സന്യാസിയാണ്. മറ്റൊരാള്‍ വിദേശത്താണ്.
Post Your Comments