തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നിർബന്ധമായ ചെലവുകണക്ക് സമർപ്പിക്കുന്നതിന് ഓൺലൈൻ സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതൽ മുപ്പത് ദിവസത്തിനകമാണ് സ്ഥാനാർത്ഥികൾ നിശ്ചിതഫോറത്തിൽ ബന്ധപ്പെട്ട അധികാരിക്ക് കണക്ക് സമർപ്പിക്കേണ്ടത്. അടുത്ത ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. കമ്മീഷന്റെ പോർട്ടലായ ംംം.ലെര.സലൃമഹമ.ഴീ്.ശി ൽ കാൻഡിഡേറ്റ് രജിസ്ട്രേഷൻ നടത്തി തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാവുന്നതാണ്.
പുതിയ സംവിധാനത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സ്ഥാനാർത്ഥികൾക്ക് നേരിട്ടോ സേവനകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി രേഖകൾ സമർപ്പിക്കാൻ കഴിയും. കണക്ക് യഥാസമയം അപ്‌ലോഡ് ചെയ്യുന്നവർക്ക് കൈപ്പറ്റ് രസീതും ഉടൻ ലഭിക്കും.
2020 ഡിസംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവരും യഥാസമയം അപാകതകൾ കൂടാതെ കണക്ക് നൽകാത്തവരുമായ 9016 സ്ഥാനാർത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 5 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തി വിജ്ഞാപനം ചെയ്തിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവ് യഥാസമയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനവും നിലവിൽ വന്നു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് റിപ്പോർട്ട് അയക്കേണ്ടത്. ഒഴിവുണ്ടായി ഏഴു ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. മെയിൽ വഴിയോ തപാൽ വഴിയോ ആണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ക്രമീകരണം സംബന്ധിച്ച് കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ചെലവ് കണക്ക് സമർപ്പിക്കുന്നതിനും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സോഫ്റ്റ് വെയറുകൾ തയ്യാറാക്കിയത് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ്.
Post Your Comments