ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി അന്തരിച്ചു. അർബുദ ബാധിതനായ രാഹുൽ ചികിത്സയിൽ കഴിയവെയാണ് മരണം. 15 വയസായിരുന്നു. ഓസ്‌കാറിന്റെ 95-ാമത് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ചിത്രത്തിന്റെ ഭാഗമായ ആറ് ബാലതാരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദിച്ചതായും പിതാവ് രാമു കോലി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ. രാഹുലിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ച ശേഷം കുടുംബം ഒരുമിച്ച് ചെല്ലോ ഷോ കാണുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒക്‌ടോബർ 2 ഞായറാഴ്ച, അവൻ പ്രഭാതഭക്ഷണം കഴിച്ച ശേഷം പനിച്ചു. തുടർന്നുള്ള മണിക്കൂറുകളിൽ ആവർത്തിച്ച് പണിക്കുകയും ഛർദ്ദിക്കുകയും ചെയ്തു. അവനെ ഉടൻ തന്നെ ആശുപതർഹിയിൽ പ്രവേശിപ്പിച്ചു. അവന്റെ വേർപാട് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ല. ചടങ്ങുകൾ കഴിഞ്ഞ്, സിനിമ റിലീസ് ആകുമ്പോൾ ഞങ്ങൾ പോയി കാണും’, രാമു പറഞ്ഞു.
പാൻ നളിൻ സംവിധാനം ചെയ്ത ചിത്രമാണ് ചെല്ലോ ഷോ. അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം. സംവിധായകൻ പാൻ നളിന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് സിനിമയിൽ പറയുന്നത്.
Post Your Comments