കോട്ടയം: കോട്ടയം തെള്ളകത്ത് ആളില്ലാത്ത വീട് കുത്തി തുറന്ന് രണ്ടേ കാൽ പവൻ സ്വർണ്ണം കവര്‍ന്നു. പതിനെണ്ണായിരം രൂപ വില വരുന്ന രണ്ട് പട്ട് സാരിയും മോഷണം പോയിട്ടുണ്ട്. സ്ഥലത്തില്ലാതിരുന്ന വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
തെള്ളകം മാതാ ആശുപത്രിക്ക് സമീപം ഓള്‍ഡ് എം.സി റോഡില്‍ തറപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിയായ അലക്‌സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അലക്സാണ്ടറും കുടുംബവും കട്ടപ്പനയിലുള്ള ബന്ധു വീട്ടിലേക്ക് പോയത്. ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് സ്വര്‍ണ്ണവും പട്ടുസാരിയും മോഷണം പോയത് മനസ്സിലായത്.
വീട്ടുകാർ മടങ്ങി എത്തിയപ്പോള്‍ വീടിന്‍റെ പ്രധാന വാതില്‍ തകര്‍ന്ന നിലയിലായിരുന്നു. ഏറ്റുമാനൂര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറന്‍സിക്ക് വിദഗ്ദ്ധരും പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിന്റെ മുൻഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത് എന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽ നിന്നും മണം പിടിച്ച് ഓടിയ പോലീസ് നായ സമീപത്തെ സ്വകാര്യ ഫ്ലാറ്റിലാണ് എത്തി നിന്നത്.
Post Your Comments