
ചിറ്റൂർ: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 26 വർഷത്തിനു ശേഷം പിടിയില്‍. തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊള്ളാച്ചി മയിലാണ്ടിപ്പേട്ട ശെൽവരാജി (53)നെയാണ് ദിണ്ഡിക്കല്ലിൽ നിന്നു കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. 1996ൽ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണിയെടുത്തിരുന്ന ശെൽവരാജും മാതാവ് രാമാത്തോളും പെരുമാട്ടി സ്വദേശിനിയായ ഭാര്യ മീനാക്ഷിയും മലയാണ്ടി കൗണ്ടന്നൂരിൽ താമസിക്കുകയായിരുന്നു. അവിടെ വച്ച് മീനാക്ഷിയെ ശെൽവരാജും രാമാത്തോളും ചേർന്ന് കൊലപ്പെടുത്തി തോട്ടത്തിൽ തന്നെ കുഴിച്ചു മൂടുകയായിരുന്നു.
മീനാക്ഷിയെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ ചിറ്റൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ 1996ൽ തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ശെൽവരാജിനെയും രാമാത്തോളിനേയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയും മാതാവും തമിഴ്നാട്ടിലേക്ക് മുങ്ങി.
തമിഴ്നാട്ടിൽ മറ്റൊരു വിവാഹം കഴിച്ച് ശെൽവ എന്ന പേരിൽ താമസിച്ചുവരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇയാളെ റിമാൻഡ് ചെയ്തു. രാമാത്തോൾ നാല് വർഷം മുമ്പ് മരണപ്പെട്ടതായി പോലീസ് പറഞ്ഞു. ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ, സി.ഐ എം. ശശിധരൻ, എസ്.ഐ പി. സുജിത്ത്, സിവിൽ പോലീസ് ഓഫീസർ എൻ. ഷിബു, ഇ. നടരാജൻ, കെ. അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments