പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി ഭഗവാൻ. ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു. ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങൾ) വിഭജിച്ചു. ആയൂർവേദ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.
വിവിധതരം ശസ്ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക് അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന് മനസ്സിലാക്കാം. സ്കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച് ത്രേതായുഗത്തിലാണ് ധന്വന്തരി ജീവിച്ചിരുന്നത്. എന്നാൽ, വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ് പിൽക്കാലത്ത് ധന്വന്തരിയെന്ന പേരിൽ പ്രശസ്തയാർജ്ജിച്ചതെന്നു കരുതുന്നു. ധന്വന്തരി നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് “തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം.ചതുർബാഹുവായ ഭഗവാന്റെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്. തൃശ്ശൂരിലെ പെരിങ്ങാവ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും ധന്വന്തരീ പൂജ നടത്തിവരുന്നു.
മാവേലിക്കരയിലേ ശ്രീധന്വന്തരിക്ഷേത്രം പ്രായിക്കരയിൽ ചതുർബാഹുവായ ധന്വന്തരീമൂർത്തിയെ ആരാധിക്കുന്നു.പരശുരാമനാൽ പ്രതിഷ്ഠിതമായ തോട്ടുവ ക്ഷേത്രത്തിലെ പ്രതിഷ്oക്കു 6 അടി ഉയരമുണ്ട്. പാൽ, വെണ്ണ, പൂവൻ പഴം, പാൽപ്പയാസം, കഥളിപഴം എന്നിവയാണ് പ്രധാന നൈവേദ്യങ്ങൾ. കൃഷ്ണതുളസി ആണ് പ്രധാന പുഷ്പം. തോട്ടുവ ക്ഷേത്രത്തിനോട് ചേർന്ന് കിഴക്കോട്ടു ഒഴുകുന്ന തോടിനു ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. തോട്ടുവ തോട്ടിൽ കുളിച്ച് തോട്ടുവ തേവരെ തൊഴുതാൽ സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും കാരണമാകും എന്ന് വിശ്വസിച്ചു പോരുന്നു.
Post Your Comments