![](/wp-content/uploads/2022/10/whatsapp-image-2022-10-06-at-5.44.43-pm.jpeg)
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാനുള്ള കാലാവധിയാണ് എച്ച്ഡിഎഫ്സി ബാങ്ക് ദീർഘിപ്പിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതി 2020 മെയ് 18 മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി നിലനിന്നതോടെ പല ഘട്ടങ്ങളിലായി പദ്ധതിയുടെ സമയപരിധി ദീർഘിപ്പിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, 2023 മാർച്ച് 31 വരെയാണ് സ്ഥിര നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് അംഗമാകാൻ അവസരം ലഭിക്കുക. മുൻപ് 2022 സെപ്തംബർ 30 വരെയായിരുന്നു കാലാവധി നൽകിയിരുന്നത്. 5 വർഷം മുതൽ 10 വർഷം വരെയാണ് നിക്ഷേപ കാലാവധി. അഞ്ചുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനം അധിക പലിശയാണ് എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ, മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം പലിശ ലഭിക്കും. സാധാരണയായി 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയാണ് നൽകുന്നത്.
Also Read: ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
Post Your Comments