KeralaLatest NewsNews

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പെയ്‌ന് നാളെ തുടക്കം

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് നാളെ തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത്. പ്രസംഗം പ്രദർശിപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികളും സംഘടനകളും കൂട്ടായ്മകളും പ്രതിനിധികളും കലാകായിക പ്രതിഭകളുമെല്ലാം ഓരോ കേന്ദ്രത്തിലും പരിപാടികളിൽ പങ്കെടുക്കും.

Read Also: ‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയാണ് പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ. ലഹരിക്കെതിരെയുള്ള പരിപാടികളുടെ ഭാഗമായി സംസ്ഥാനതലം മുതൽ വാർഡ് തലം വരെയും സ്‌കൂൾ തലം വരെയും ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നാളെ കുട്ടികളുടെ ക്ലാസ് റൂം ഡിബേറ്റുകളും നടക്കും. എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും സംഘടിപ്പിക്കും.

ഒക്ടോബർ 6, 7 തീയതികളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. ഒക്ടോബർ 8 മുതൽ 12 വരെ ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിപാടികളിൽ പ്രദർശിപ്പിക്കും.

ഒക്ടോബർ 9ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളും ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉൾപ്പെടുത്തും. ഒക്ടോബർ 2മുതൽ 14 വരെയാണ് പരിപാടി. പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിൻ പ്രൊമോട്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകമായി നടത്തും.

ഒക്ടോബർ 14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കും. ഒക്ടോബർ 16ന് വൈകിട്ട് 4 മുതൽ 7വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. അതിഥി തൊഴിലാളികൾക്കിടയിലും വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. എൻഫോഴ്സ്മെന്റ് പ്രവർത്തനവും ശക്തമാക്കും. ഒക്ടോബർ 15 മുതൽ 22 വരെയാണ് ഈ ക്യാമ്പയിൻ.

ഒക്ടോബർ 16 മുതൽ 24 വരെ തീരദേശ മേഖലയിലും പ്രത്യേകമായ പ്രചാരണം വിവിധ സംഘടനകളുടെയും ഫിഷറിസ് വകുപ്പിന്റെയും കോസ്റ്റൽ പൊലീസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കും.

ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ 22ന് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ദീപം തെളിക്കൽ നടക്കും. ഒക്ടോബർ 23, 24 തീയതികളിൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും. വ്യാപാരികളുടെ നേതൃത്വത്തിൽ ഒക്ടോബർ 25ന് വ്യാപാര സ്ഥാപനങ്ങളിലും പരിപാടി സംഘടിപ്പിക്കും.

ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിക്കും. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന കൂട്ടയോട്ടവും, ക്ലബ്ബുകളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളും നടത്താനും നിർദേശിച്ചിട്ടുണ്ട്. സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ നവംബർ 1 വരെ കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിൾ റാലി സംഘടിപ്പിക്കും. എൻഎസ്എസിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്ക് വിപുലമായ ക്വിസ് മത്സര നടത്തുന്നുണ്ട്.

നവംബർ 1നാണ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. സ്‌കൂളുകൾ ഇല്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും. പദ്ധതിയുടെ പ്രചാരണാർഥം ഒക്ടോബർ 30, 31 തീയതികളിൽ വ്യാപകമായ വിളംബരജാഥകൾ സംഘടിപ്പിക്കും.

Read Also: റബര്‍ തോട്ടത്തില്‍ യുവാവ് ജീവനൊടുക്കിയ നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button