ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം രാമചന്ദ്രന്റെ ജീവിതം ഒരു ത്രില്ലർ ചിത്രം പോലെ ആകാംഷ നിറഞ്ഞതായിരുന്നു. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റേത്. 80 ആം വയസ്സിൽ വിടപറയുമ്പോൾ അദ്ദേഹം ആഗ്രഹിച്ചിട്ടും നടക്കാതെ പോയ രണ്ട് കാര്യങ്ങളാണുള്ളത്. അറ്റ്ലസ് തുറക്കണമെന്നും, ഇന്ത്യയിലേക്ക് മടങ്ങണമെന്നും അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഇത് രണ്ടും സാധിക്കാതെയാണ് അറ്റ്ലസ് രാമചന്ദ്രന്ററെ മരണം.
തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനാണ് കരിയർ തുടങ്ങുന്നത്. കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണക്കച്ചവടത്തിൽ അദ്ദേഹം ആരംഭം കുറിക്കുന്നത്. അങ്ങനെയാണ് അറ്റ്ലസ് ജ്വല്ലറിയുടെ പിറവി. സ്വര്ണകച്ചവടം കുതിച്ചുകയറി. പക്ഷേ ഗൾഫ് യുദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസിന് തടയിട്ടു. തോൽക്കാൻ തയ്യാറാകത്തെ അദ്ദേഹം യു.എ.ഇയിൽ എത്തി. എല്ലാം ഒന്നിൽ നിന്ന് തുടങ്ങി. ഇതിനിടെ നിരവധി സിനിമകൾ നിർമിച്ചു.
2015 മുതൽ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചു. ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ 2015 ഓഗസ്റ്റില്‍ അറസ്റ്റിലായി. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചു. പക്ഷെ, എല്ലാത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് പുതിയ തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് മരണം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
Post Your Comments