ചെന്നൈ: മുതിർന്ന സിപിഎം നേതാവും കേരളത്തിലെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ-സാംസ്കാരിക-സിനിമാ മേഖലയിലുള്ളവർ. കോടിയേരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. കോടിയേരി പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്ന 1995 ലാണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടതെന്ന് എം. സ്വരാജ് ഓർത്തെടുക്കുന്നു. കോടിയേരിക്ക് തന്നെയും തനിക്ക് കോടിയേരിയെയും അറിയാമായിരുന്നുവെന്ന് സ്വരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.
69-കാരനായ കോടിയേരി ബാലകൃഷ്ണൻ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് അന്ത്യം. സിപിഎം പിബി അംഗം കൂടിയാണ് കോടിയേരി. അദ്ദേഹത്തിന്റെ മൃതദേഹവുമായി ആംബുലൻസ് ചെന്നൈയിൽ നിന്നും പുറപ്പെട്ടു.
എം.സ്വരാജിന്റെ വൈകാരികമായ കുറിപ്പ്:
കോടിയേരി ബാലകൃഷ്ണൻ എന്ന പേര് സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ
പത്രങ്ങളിലൂടെ പരിചിതമായിരുന്നു. 1995ലാണ് ആദ്യമായി നേരിട്ട് കണ്ടത്. അന്ന് സഖാവ് പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. ആ വർഷം എസ് എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനം തേഞ്ഞിപ്പലത്ത് വെച്ചാണ് നടന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് കോടിയേരിയായിരുന്നു. അന്നാദ്യമായി നേരിൽ കണ്ടു, പ്രസംഗം കേട്ടു. അഗ്നി സാന്നിദ്ധ്യമുള്ള വാക്കുകൾ പകർന്ന ഊർജ്ജം ചെറുതായിരുന്നില്ല.
അക്കൊല്ലം തന്നെ കോടിയേരി ക്യാപ്റ്റനായി സി പി ഐ (എം) സംസ്ഥാന ജാഥ സംഘടിപ്പിക്കുകയുണ്ടായി.
നിലമ്പൂരിലെ ജാഥാ സ്വീകരണവും പ്രസംഗവും ഇപ്പോഴും ഓർമയിലുണ്ട്.
അസാധാരണമായ ചരിത്രബോധവും മനുഷ്യ സ്നേഹവും കോടിയേരിയുടെ കരുത്തായിരുന്നു. സങ്കീർണമായ രാഷ്ട്രീയ – സംഘടനാ പ്രശ്നങ്ങളെ ലളിതമായി , അനായാസമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോഴും ആരോടും വ്യക്തിപരമായ ശത്രുതയോ അകൽച്ചയോ ഉണ്ടായിരുന്നില്ല. കോടിയേരിയുടെ ശൈലി രാഷ്ട്രീയ പ്രവർത്തകർക്കാകെ വെളിച്ചം പകരുന്നതായിരുന്നു.
വാക്കുകളിലൂടെ പകർന്നു നൽകിയ കരുത്തും വെളിച്ചവും ബാക്കിയാക്കി സഖാവ് കാേടിയേരി വിട വാങ്ങി. ഇനിയെന്നും ആ ഓർമകൾ നമുക്ക് വഴികാട്ടും.
1998 ലാണ് സഖാവിനെ പരിചയപ്പെടുന്നത്. അന്നുമുതൽക്കിങ്ങോട്ട് നൂറു നൂറ് ഓർമകൾ സഖാവുമായുണ്ട്. ഓരോ നിമിഷവും ഓരോ വാക്കും ഉള്ളിൽ സൂക്ഷിയ്ക്കുന്നു. സഖാവിന് എന്നെ അറിയാമായിരുന്നു. എനിക്ക് സഖാവിനെയും.
Post Your Comments