Latest NewsKeralaCinemaMollywoodNewsIndiaEntertainment

കാലം ഫ്രെയിം ചെയ്തു കാത്തു സൂക്ഷിക്കേണ്ട ചരിത്രം: ഈ രാജ്യത്ത് അധികാരത്തിന്റെയും കലയുടെയും തലപ്പത്ത് കാടിന്റെ മക്കൾ

ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, ഗോത്രവർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തത്തിനാണ് കഴിഞ്ഞ ദിവസം രാജ്യം സാക്ഷ്യം വഹിച്ചത്. പുരസ്കാരം വാങ്ങാൻ നഞ്ചിയമ്മ വേദിയിൽ എത്തിയപ്പോൾ നിറഞ്ഞ കൈയ്യടികളോട് എഴുന്നേറ്റ് നിന്നാണ് സദസ് ആദരവ് പ്രകടിപ്പിച്ചത്. മറ്റൊരു അവാർഡ് ജേതാവിനും ലഭിക്കാത്ത സ്വീകാര്യത തന്നെയായിരുന്നു ഇത്.

ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങിക്കുന്ന നഞ്ചിയമ്മയുടെ ചിത്രം വെറുമൊരു ചരിത്രമല്ല, മറിച്ച് കാലം ഫ്രെയിം ചെയ്തു കാത്തു സുക്ഷിക്കേണ്ട ചരിത്രമാണെന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് കുറിച്ചു. അധികാരങ്ങളും ആദരിക്കലും ഉച്ചസ്ഥായിയിൽ നിന്ന് മാത്രമല്ല എന്ന് തെളിയിക്കുന്ന ചിത്രമാണിത്. ഇപ്പോഴത്തെ ഭാരത സർക്കാരിൻ്റെ മികവിനെ അടയാളപ്പെടുത്തുന്ന ചിത്രം. രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയിലെത്താൻ, വ്യക്തിയുടെ പിന്നാക്കാവസ്ഥയോ ജാതിയോ കുലമോ ഒന്നും തടസ്സമല്ല എന്നു ലോകത്തോട് വിളിച്ചുപറയുന രണ്ട് സ്ത്രീരത്നങ്ങൾ. ഒരാൾ അധികാരം കൊണ്ടും മറ്റൊരാൾ പ്രതിഭ കൊണ്ടും ലോകത്തോട് പറയുകയാണ് Nothing is Impossible എന്ന്. രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി പേർ നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. ചിലരുടെ പ്രതികരണമിങ്ങനെ:

മന്ത്രി കെ രാധാകൃഷ്ണൻ:

ഗോത്ര സംസ്‌കൃതിയുടെ തനിമയും ജൈവികതയും മൗലികമായി അനുഭവിപ്പിക്കുന്ന ‘കളക്കാത്ത സന്ദനമേരം’ എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോയ നഞ്ചിയമ്മയ്ക്ക് ഇന്നലെ 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ബഹു.മുഖ്യമന്ത്രി സമ്മാനിച്ചു. അട്ടപ്പാടിയിലെ നാക്കുപതി ഊരില്‍ താമസിക്കുന്ന നഞ്ചിയമ്മ ആദിവാസി കലാകാരന്‍ പഴനി സ്വാമിയുടെ നേതൃത്വത്തിലുള്ള ആസാദ് കലാ സമിതിയിലെ നാടന്‍പാട്ടുകാരിയുമാണ്. കൃഷിയും കാലി മേയ്ക്കലുമാണ് നഞ്ചിയമ്മയുടെ ഉപജീവനമാര്‍ഗം. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ നാടന്‍ പാട്ടുകളാണ് നാഞ്ചിയമ്മ പാടാറ്. നഞ്ചിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…

അഞ്‍ജു പാർവതി:

ഇത് കേവലമൊരു ചിത്രമല്ല; മറിച്ച് കാലം ഫ്രെയിം ചെയ്തു കാത്തു സുക്ഷിക്കേണ്ട ചരിത്രം ! ആസാദിയുടെ അമൃതവർഷത്തിൽ എൻ്റെ ഭാരതം സ്ത്രീശാക്തീകരണത്തിൽ എവിടെ നില്ക്കുന്നുവെന്നതിൻ്റെ മികച്ച ദൃഷ്ടാന്തം. രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയിലെത്താൻ, വ്യക്തിയുടെ പിന്നാക്കാവസ്ഥയോ ജാതിയോ കുലമോ ഒന്നും തടസ്സമല്ല എന്നു ലോകത്തോട് വിളിച്ചുപറയുന രണ്ട് സ്ത്രീരത്നങ്ങൾ. ഒരാൾ അധികാരം കൊണ്ടും മറ്റൊരാൾ പ്രതിഭ കൊണ്ടും ലോകത്തോട് പറയുകയാണ് Nothing is Impossible എന്ന്. നാളെ കുട്ടികൾ പഠിക്കേണ്ടതും മാതൃകയാക്കേണ്ടതും ഇവരുടെ വളർച്ചയുടെ കഥയാണ്. സ്ത്രീ മുന്നേറ്റത്തിൻ്റെ കഥയാണ്. അല്ലാതെ ജാതി റിസർവേഷൻ്റെ അല്ല ! ജാതി വർണ ഗോത്രങ്ങൾ തിരിച്ചുള്ള ഡെഫിനിഷൻ മാറ്റി നിറുത്തി തന്നെയാണ് ഈ അമ്മമാരെ ഗ്ലോറിഫൈ ചെയ്യേണ്ടത്.

ഗായകൻ പന്തളം ബാലൻ:

നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ. മണ്ണിന്റെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരം. സംഗീതത്തിന് ജാതിയില്ല മതമില്ല നിറമില്ല. കർണ്ണ സുഖമുള്ള സംഗീതം അത് ആര് പാടിയാലും അംഗീകരിക്കാനുള്ള മനസ്സാണ് മനുഷ്യന് വേണ്ടത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെ. ഒരു പാവം അമ്മ പാടിയ പാട്ട് ജനങ്ങൾ എല്ലാവരും ആസ്വദിച്ചു. അത് ജനഹൃദയങ്ങളിൽ എത്തുകയും ചെയ്തു. പത്മശ്രീയും പത്മവിഭൂഷനും ദേശീയ പുരസ്കാരങ്ങളും ഒക്കെ എപ്പോഴും ഒരേ കൈകളിൽ തന്നെ ചെന്നെത്താറുണ്ട്. ഇപ്രാവശ്യം അതിനൊരു വലിയ മാറ്റം ഉണ്ടായി. എന്നെപ്പോലുള്ള പാട്ടുകാർക്കും കലാകാരന്മാർക്കും ഒരുപാട് പേർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയാണ് നഞ്ചി അമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു എന്നത്. അവിടെ ഇരിക്കുന്ന ജൂറികളെ നാഞ്ചിയമ്മ സ്വാധീനിച്ചു എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?

ആ സിനിമ പൂർണമായി കണ്ടപ്പോൾ ആ സീനിന് ചേരുന്ന പാട്ട് അമ്മയുടെ ശബ്ദത്തിൽ അവർ ആസ്വദിച്ചു. അതൊരു തെറ്റായിപ്പോയി എന്നെനിക്ക് തോന്നുന്നില്ല. എത്രയോ കഴിവില്ലാത്തവർക്ക് പത്മശ്രീയും മറ്റു പുരസ്കാരങ്ങളും ഒക്കെ ഇതിന് മുമ്പ് കൊടുത്തിരിക്കുന്നു. അന്നൊന്നും ഉയരാത്ത ഒരു ശബ്ദം നഞ്ചിയമ്മയുടെ അവാർഡ് കാര്യത്തിൽ ചില കോണുകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു. ഏറെ വിഷമം തോന്നി. യഥാർത്ഥത്തിൽ ഈ നാഷണൽ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മയ്ക്ക് അറിയും എന്ന് എനിക്ക് തോന്നുന്നില്ല.

അമ്മയ്ക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണിത്.അതിൽ നമ്മൾ ഓരോരുത്തരും സന്തോഷിക്കുകയും അഭിമാനിക്കുകയും ആണ് വേണ്ടത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ ഒരു ഗായകനാണ്. ഒരുപാട് മാറ്റിനിർത്തപ്പെടലുകൾ അനുഭവിച്ച ഒരു വ്യക്തി കൂടിയാണ്. കൊടുത്തവർക്ക് വീണ്ടും കൊടുക്കണം എന്നുള്ള ഒരു വാശി അതിനി മുമ്പോട്ട് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകട്ടെ. ഒരു നല്ലതിന്റെ തുടക്കമായിട്ട് നമുക്ക് ഇതിനെ കാണാം. പ്രിയപ്പെട്ട അമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ. എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു ഒരുപാട് സ്നേഹത്തോടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button