കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണം ഇന്നാണ്. മലയാളത്തിൽ നിന്നും നിരവധി പേർക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇത്തവണ മലയാളത്തിന് കീര്‍ത്തിയേകിയത് സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയാണ്. നാല് അവാര്‍ഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്. മികച്ച സംവിധായകനായി സച്ചി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. സച്ചിയുടെ അവാർഡ് ഏറ്റുവാങ്ങുക ഭാര്യ സിജി ആയിരിക്കും. ദേശീയ അവാർഡ് വാങ്ങാൻ പോകണമെന്ന ആഗ്രഹം സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി മുൻപ് പറഞ്ഞതാണ്. ഇപ്പോൾ സച്ചിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് സിജി ഫേസ്ബുക്കിൽ കുറിച്ചു.
സിജി സച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും.., നാഷണൽ അവാർഡ് വാങ്ങും.. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും .
ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു . അതെ നീ ചരിത്രം തേടുന്നില്ല… നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ..
ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം..
ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം . കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും….
പ്രീയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്… സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്.നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്… നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ .
Post Your Comments