ന്യൂഡല്‍ഹി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ പലഹാരങ്ങളോ എത്തിച്ചുനൽകരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാർ സുരക്ഷാകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു.
പുതിയ ഡയറക്ടർ എം ശ്രീനിവാസാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. മുതിർന്ന ജീവനക്കാർക്ക് സെക്യൂരിറ്റി ജോലിയിലുള്ളവർ ചായയും പലഹാരങ്ങളും എത്തിച്ചുനൽകുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. ഇത് പാലിക്കാത്ത സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷാജോലിക്കായാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. ജീവനക്കാരുടെ ഇത്തരം നടപടികൾ സുരക്ഷാച്ചുമതലയെ ബാധിക്കുമെന്ന് ഉത്തരവിൽ പറയുന്നു. സെക്യൂരിറ്റി ജോലിക്കും രോഗികളെ സഹായിക്കാനും നിർദ്ദേശിച്ചിരിക്കുന്ന ജീവനക്കാർ അതാത് ജോലി മാത്രം ചെയ്താൽ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡോക്ടർമാരും ഉദ്യോഗസ്ഥരും മാധ്യമങ്ങളുമായി സംവദിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥർ മാത്രം മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. എയിംസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകേണ്ടി വന്നാൽ അതിനു മുൻകൂർ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments