തിരുവനന്തപുരം: തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ഐ.എ.എസ് അസോസിയേഷൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് കൊടുത്തു. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്നും ഒരു തസ്തികയിൽ രണ്ടു കൊല്ലമെങ്കിലും നിയമനം കൊടുക്കണമെന്നുമാണ് കത്തിലെ ആവശ്യം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ അടിക്കടി ചില സ്ഥലം മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ഐ.എ.എസ് അസോസിയേഷൻ ഇപ്പോൾ മുഖ്യമന്ത്രി കത്ത് നൽകിയിരിക്കുന്നത്. സിവിൽ സർവീസ് ചട്ടപ്രകാരം ഒരു തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്യാൻ അനുവദിക്കുക എന്നത് സുപ്രീം കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങളും നിവേദനത്തിൽ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സിവിൽ സർവീസ് ബോർഡിൻ്റെ ശുപാർശയിൽ മാത്രം ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും നിയമിക്കുകയും വേണം എന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.
ഉദ്യോഗസ്ഥരെ മാറ്റുമ്പോൾ ആ മാറ്റത്തിൻ്റെ കാരണം ഫയലിൽ രേഖപ്പെടുത്താൻ സർക്കാർ തയ്യാറാകണം എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജൂൺ മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ഉദ്യോഗസ്ഥ മാറ്റം മരവിപ്പിക്കണമെന്ന ആവശ്യം കൂടി ഐ.എ.എസ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.
Post Your Comments