Latest NewsKeralaNews

നെല്ല് സംഭരണം: സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിൽ കരാറായി

 

തിരുവനന്തപുരം: നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്‌ളൈകോ കരാർ ഒപ്പിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്നു രൂപീകരിച്ച കൺസോർഷ്യമാണ് സപ്ളൈകോയുമായി കരാറിൽ ഒപ്പിട്ടത്.

കരാർ പ്രകാരം  6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപയാണ് സപ്ളൈകോക്കു കൺസോർഷ്യം വായ്പ നല്കുക.  നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പി.ആർ.എസ് വായ്പാ പദ്ധതി പ്രകാരം ബാങ്കുകളിൽനിന്ന് കടമെടുക്കുന്നതിന് 8.5 ശതമാനമായിരുന്നു പലിശ. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ കൺസോർഷ്യം വായ്പയിലൂടെ പ്രതിവർഷം 21 കോടി രൂപയുടെ ബാധ്യത സപ്ളൈകോയ്ക്ക് കുറയും.

പി.ആർ.എസ് വായ്പ പദ്ധതിയിൽ തിരിച്ചടവ് വൈകുന്ന സാഹചര്യമുണ്ടായാൽ  കർഷകൻ വായ്പയുടെ തിരിച്ചടവു മുടങ്ങിയവരുടെ പട്ടികയിലാവുകയും  കർഷകന്റെ സിബിൽ സ്‌കോർ കുറയുകയും ചെയ്യും.

കൺസോർഷ്യത്തെ പ്രതിനീധികരിച്ച് എസ്ബിഐ അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. എസ്.  പ്രേംകുമാർ, കനറാ ബാങ്ക് ചീഫ് മാനേജർ ജി. പ്രഭാകർ രാജു, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്  അജിത് വി. മാത്യു എന്നിവരും സപ്ലൈകോ ഫിനാൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ആർ എൻ സതീഷും കരാറിൽ ഒപ്പുവച്ചു.

സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്‌ജോഷിയും എസ്.ബി.ഐ എറണാകുളം ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിഹരനും  സന്നിഹിതരായിരുന്നു. സപ്ലൈകോ നെല്ല് സംഭരണ വിഭാഗം മാനേജർ ബി. സുനിൽകുമാർ, എസ്.ബി.ഐ ക്രെഡിറ്റ് അനലിസ്റ്റ് എഫ്.ജി. നോയൽ, കനറാബാങ്ക് സീനിയർ മാനേജർ നിധിൻ സതീഷ്, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ വിഷ്ണു എം. തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button