കൊച്ചി: അത്യാധുനിക സൗകര്യങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ടിക്കറ്റിങ് ആപ്പ് റെയില്‍വേ പരിഷ്‌കരിച്ചു. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസണ്‍ ടിക്കറ്റും ഇതിലൂടെ സ്വയം എടുക്കാം. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളോട് ചേര്‍ന്ന് വരുന്ന ദിവസങ്ങളിലും സ്റ്റേഷനുകളിലെ വലിയ വരികള്‍ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ ആപ്പ് സഹായിക്കും.
തീവണ്ടിപ്പാതയില്‍ നിന്നും 20 മീറ്റര്‍ ദൂരത്തിനുള്ളില്‍ വന്നാല്‍ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സാധാരണക്കാരനെ അലട്ടിയിരുന്ന പ്രധാന പ്രശ്നം. സ്റ്റേഷനില്‍ എത്തിയശേഷം ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുക്കുവാന്‍ പറ്റിയിരുന്നില്ല. ഇതിനുള്ള പരിഹാരമാണ് അവസാനമായി റെയില്‍വേ കൊണ്ടുവരുന്നത്. സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ആപ്പിലൂടെ സ്‌കാന്‍ ചെയ്താല്‍, പ്രസ്തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാന്‍ കഴിയും.
സ്റ്റേഷനില്‍ എത്തിയശേഷം ടിക്കറ്റ് എടുക്കുന്നതിന്, ആപ്പിലുള്ള ‘ക്യുആര്‍ ബുക്കിങ്’ എന്ന ഓപ്ഷന്‍ ഉപയോഗിയ്ക്കണം. തുടര്‍ന്ന് യാത്ര ടിക്കറ്റാണോ പ്ലാറ്റ്‌ഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. സ്റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ്, ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. അപ്പോള്‍ ആ സ്റ്റേഷന്റെ പേര് കിട്ടും. തുടര്‍ന്ന് പഴയതുപോലെ ടിക്കറ്റ് എടുക്കാം.
ഈ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്പര്‍ നല്‍കി, സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്തെടുക്കുവാനും കഴിയും.
Post Your Comments