തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പൊലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Also:ബിവറേജസിന് ഇനി വരുന്നത് കൂട്ട അവധി ദിനങ്ങള്‍: ദിവസങ്ങളറിയാം
കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും പൊലീസ് നിരീക്ഷണത്തിലാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ കേന്ദ്രസേനയെത്തി. ഇവിടുത്തെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സിആര്‍പിഎഫിന്റെ 15 അംഗ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയെ നിരോധിച്ചതിനു പിന്നാലെ സംഘടനയുടെ വിവിധ ഓഫീസുകള്‍ അടച്ചു പൂട്ടി സീല്‍ ചെയ്യുന്നതിലേയ്ക്ക് കടക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്രമ സാധ്യതയുണ്ടാകുമെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.
ആലുവയിലെ ഓഫിസ് ഉള്‍പ്പടെ അടച്ചു പൂട്ടാനുള്ള നടപടികളുണ്ടാകുമ്പോള്‍ ആക്രമണ സംഭവങ്ങള്‍ ഉണ്ടാകാമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നതയാണ് വിവരം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ നേരിടുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമായി പൊലീസ് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്.
Post Your Comments