തിരുപ്പതി: ലോകപ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. 85,000 കോടിയിലധികം രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. 14 ടണ്‍ സ്വര്‍ണശേഖരവും ഉണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണരൂപം ട്രസ്റ്റ് പുറത്ത് വിട്ടത്. 85,705 കോടിയുടെ ആസ്തിയാണ് ക്ഷേത്രത്തിന് ആകെ ഉള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കര്‍ ഭൂമിയും ഉണ്ട് . തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍, 960 കെട്ടിടങ്ങള്‍, തിരുപ്പതിക്ക് സമീപമുള്ള ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍ ഭൂമി, കൃഷിക്ക് മാത്രമായി 2,231 ഏക്കര്‍ സ്ഥലം. ചിറ്റൂരില്‍ 16 ഏക്കര്‍ ഭൂമി എന്നിവയുണ്ട്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 14,000 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്.
14 ടണ്‍ സ്വര്‍ണശേഖരമാണ് ക്ഷേത്രത്തിന് സ്വന്തമായുള്ളത്. ഇതിന്റെ ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ രണ്ട് ലക്ഷം കോടി രൂപയിലധികം വരും. കഴിഞ്ഞ എട്ട് വര്‍ഷമായി ക്ഷേത്രത്തിന്റെ പേരിലുള്ള ഒരു ഭൂമിയും വിറ്റിട്ടില്ല. 1974 മുതല്‍ 2014 വരെ വിവിധ കാരണങ്ങള്‍ കൊണ്ട് 113 ഇടങ്ങളിലെ ഭൂമി വിറ്റിരുന്നു. വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടി രൂപക്ക് മുകളിലാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷം മാത്രം ഭണ്ഡാരത്തിലേക്കുള്ള കാണിക്കയായി ലഭിച്ചത് 700 കോടി രൂപയാണ്. 300 കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടി ട്രസ്റ്റ് പദ്ധതി ഇടുന്നുണ്ട്.
Post Your Comments