ശ്രീനഗര്‍: കശ്മീരിലെ സ്‌കൂളുകളില്‍ ഭജനയും സൂര്യനമസ്‌കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്‌കൂളുകളിലും നിന്നും ഭജനയും സൂര്യനമസ്‌കാരവും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മുത്തഹിദ മജ്ലിസ്-ഇ-ഉലമ സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭജനും യോഗയും നടത്തുമ്പോള്‍ ഹിന്ദു ശ്ലോകങ്ങളാണ് ഇസ്ലാം വിശ്വാസികളായ കുട്ടികള്‍ക്ക് ചൊല്ലേണ്ടി വരുന്നത്. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് ജാമിയ മസ്ജിദിന്റെ മുഖ്യ പുരോഹിതനും ഹുറിയത്ത് ചെയര്‍മാനുമായ മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള എംഎംയു അവകാശം ഉന്നയിക്കുന്നത്.
ദക്ഷിണ കശ്മീരിലെ ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമിലെ സ്‌കൂള്‍ കുട്ടികള്‍ രഘുപതി രാഘവ് രാജാ റാം എന്ന ഭജന്‍ ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഭജനയും സൂര്യനമസ്‌കാരവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി, ജമ്മുകശ്മീരില്‍ ഹിന്ദുത്വ അജണ്ട’ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് രംഗത്ത് എത്തി.
Post Your Comments