
കോട്ടയം: അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി ഭരിച്ച മൂന്നണികളാണ് കേരളത്തെ കടക്കെണിയിലാക്കിയത്. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണ്. ഭീകരവാദികൾ അഴിഞ്ഞാടുകയാണ്. ഇതിന് അറുതിവരുത്താൻ ബിജെപി അധികാരത്തിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തകർ രക്തവും ജീവനും ത്യജിച്ചാണ് ബിജെപിയെ കേരളത്തിൽ വളർത്തിയത്. 10 വർഷം മുമ്പ് നല്ല ഓഫീസുകൾ പാർട്ടിക്ക് സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് 18 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി. ഇന്ന് ഇന്ത്യയിലെ ഏക ദേശീയ പാർട്ടിയും ബിജെപിയാണ്. 1951 ൽ നമ്മൾ പറഞ്ഞു, ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി. ആ മുദ്രാവാക്യം 2019ൽ നമ്മൾ അത് നടപ്പിലാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്ക് ഒരു സാമ്പത്തിക നയവും പ്രത്യയശാസ്ത്രവുമുണ്ട്. ബിജെപി പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ മത്സരിക്കുന്നത് പ്രാദേശിക പാർട്ടികളുമായാണ്. ഇവയെല്ലാം തന്നെ കുടുംബപാർട്ടികളാണ്. മൂക്കറ്റം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന പാർട്ടികളാണ് എല്ലാ കുടുംബ പാർട്ടികളും. കേരളത്തിലും നമ്മുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റുകാരെയും കോൺഗ്രസിനെയും തോൽപ്പിച്ച് വിജയം കൈവരിക്കുമെന്നും നദ്ദ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികൾ ഇന്ത്യയെ ശക്തമാക്കുകയാണ്. കൃത്യമായ രീതിയിൽ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നു. കോവിഡ് കാലത്ത് 217 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. റോഡ് വികസനത്തിലും റെയിൽവെ വികസനത്തിലും രാജ്യം മുന്നേറുകയാണ്. ഇന്ത്യയിലെ എല്ലാ ജില്ലയിലും ബിജെപിയ്ക്ക് അഭിമാനാർഹമായ ജില്ലാ ഓഫീസുകൾ വന്നുകൊണ്ടിരിക്കുകയാണ്. നാഗമ്പടം ശിവക്ഷേത്രത്തിന്റെ പരിസരത്തുള്ള കോട്ടയം ഓഫീസ് സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്
Post Your Comments