Latest NewsNewsInternational

ആൺകുട്ടിയായി ജനനം, ഡോക്ടർക്ക് പറ്റിയ കൈയ്യബദ്ധം മൂലം പെണ്ണായി ജീവിക്കാൻ നിർബന്ധിതനായ ഡേവിഡിന്റെ അസാധാര ജീവിത കഥ

നമ്മുടെ ജീവിതം നമ്മുടെ കൈയ്യിൽ അല്ല എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡേവിഡ് റെയ്‌മർ എന്ന കനേഡിയൻ യുവാവിന്റെ ജീവിതം. 1965 ലാണ് റെയ്മർ ജനിക്കുന്നത്. റോണ്‍ റെയ്മര്‍-ജാനറ്റ് ദമ്പതികള്‍ക്ക് പിറന്ന ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു ഡേവിഡ്. ബ്രൂസും ബ്രിയനും – അങ്ങനെയായിരുന്നു അവർ തങ്ങളുടെ കുട്ടികൾക്ക് നൽകിയിരുന്ന പേര്. എന്നാൽ, ബ്രൂസ് വളർന്നപ്പോൾ അറിയപ്പെട്ടത് ഡേവിഡ് എന്ന പേരിലായിരുന്നു. അതിന് പിന്നിൽ ഒരു അസാധാരണമായ കഥയുണ്ട്.

ഏഴാം മാസം ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെ ബ്രൂസിനെയും ബ്രിയനെയും പരിച്ഛേദന ചെയ്യാൻ ആയി ആശുപത്രിയിലെത്തിച്ചു. റോണ്‍ റെയ്മര്‍-ജാനറ്റ് ദമ്പതികൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരുന്നു പിന്നീട് സംഭവിച്ചത്. ഓപ്പറേഷനിടെ ബ്രൂസിന്‍റെ ലിംഗത്തിന്‍റെ നല്ല പങ്ക് മുറിഞ്ഞുപോയി. പ്ലാസ്റ്റിക് സർജറികൾ ഒന്നും അന്ന് ഇന്നത്തേത് പോലെ വികസിച്ചിരുന്നില്ല. ബ്രൂസിന്‍റെ അവയവ നഷ്ടം പരിഹരിക്കാന്‍ ഡോക്ടർമാർക്ക് സാധിച്ചില്ല. ആശുപത്രികൾ കയറിയിറങ്ങി റോണ്‍ റെയ്മര്‍-ജാനറ്റ് ദമ്പതികൾ അവശരായി.

അക്കാലത്താണ് ലൈംഗികശാസ്ത്രവിദഗ്ദ്ധനായ ഡോ. ജോണ്‍ മണിയെ ജാനറ്റ് കാണുന്നത്. ഒരു ടി.വി ഷോയിലൂടെയായിരുന്നു അദ്ദേഹത്തെ കുറിച്ച് അവർ അറിഞ്ഞത്. ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ, തങ്ങളുടെ കുടുംബത്തെ സഹായിക്കാൻ ഡോക്ടർക്ക് കഴിയുമെന്ന് ദമ്പതികൾ കരുതി. അവർ അദ്ദേഹത്തിന് കത്തയച്ചു. ഡോക്ടര്‍ ആ കുടുംബത്തെ അദ്ദേഹത്തിന്‍റെ വാസസ്ഥലമായ അമേരിക്കയിലേക്ക് ക്ഷണിച്ചു.

ഡോക്ടർ പ്രശസ്തിയിലേക്ക് കുതിക്കുന്ന സമയമായിരുന്നു. ബ്രൂസിനെ ഒരു പെൺകുട്ടി ആയി മാറ്റാമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. അതിനായി മരുന്നും ശസ്ത്രക്രിയയുമെല്ലാം ആരംഭിച്ചു. ബ്രൂസിനെ വൃക്ഷണഛേദം നടത്തി ഷണ്ഡനാക്കുക എന്നതായിരുന്നു ആദ്യപടി. അത് വിജയകരമായി നടന്നു. പ്രാഥമികരൂപത്തിലുള്ള സ്ത്രീ ലൈംഗികാവയവം ബ്രൂസില്‍ വച്ചുപിടിപ്പിച്ചു. പേരും മാറ്റി – ബ്രെന്‍ഡ!. പെൺകുട്ടിയെ പോലെ അവർ ‘അവനെ’ വളർത്തി.

ഡോക്ടറെ ‘രക്ഷകന്റെ’ രൂപത്തിലായിരുന്നു ആ മാതാപിതാക്കൾ കണ്ടത്. എന്നാൽ, ഡോക്ടറുടെ ഉള്ളിലെ ‘ക്രൂര’മുഖം അവർ അറിഞ്ഞിരുന്നില്ല. ഈ കുടുംബത്തെ തന്റെ പ്രശസ്തിക്ക് വേണ്ടി ആയിരുന്നു അദ്ദേഹം ഉപയോഗിച്ചത്. മിശ്രലിംഗക്കാരെക്കുറിച്ച് പഠനം നടത്തിവന്നിരുന്ന അദ്ദേഹത്തിന് നല്ലൊരു ‘രോഗി’ ആയിരുന്നു ബ്രെന്‍ഡ. പ്രശസ്തിക്ക് വേണ്ടി, അവൾക്ക് അഞ്ച് വയസുള്ളപ്പോൾ ഡോ. അവളുടെ കഥ പ്രസിദ്ധീകരിച്ചു. കുടുംബത്തിന്‍റെ സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ പേര് മാറ്റി ‘ജോണ്‍-ജോവാന്‍ കഥ’ എന്ന പേരിലാണ് അദ്ദേഹം ഈ സംഭവം പ്രസിദ്ധീകരിച്ചത്.

ഇതിന്റെയെല്ലാം ഇടയിൽ അസ്വസ്ഥതയോടെ കഴിഞ്ഞത് ബ്രെന്‍ഡ ആയിരുന്നു. ഒരു പെൺകുട്ടി ആയി വളർത്താൻ വീട്ടുകാർ പരമാവധി ശ്രമിക്കുമ്പോഴെല്ലാം, ആൺകുട്ടിയുടെ സ്വഭാവസവിശേഷതകളും പെരുമാറ്റ രീതിയുമായി ബ്രെന്‍ഡ വളർന്നുവന്നു. ഹോര്‍മോണ്‍ ചികിത്സയുടെ ഫലമായി മുടി വളർന്നു എന്നതൊഴിച്ചാൽ പൂർണമായും ‘ആണിന്റെ’ പെരുമാറ്റമായിരുന്നു. ആൺ-പെൺ വ്യത്യാസം മനസിലാക്കാൻ ഡോക്‌ടർ സ്വീകരിച്ച മാർഗം വളരെ മോശം നിറഞ്ഞതായിരുന്നു. ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചും അശ്ലീല വീഡിയോകള്‍ കാണിച്ചും പ്രസവചിത്രങ്ങള്‍ കാണിച്ചും അയാൾ അവരെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയരാക്കി.

ഇനിയൊരിക്കലും ചികിത്സക്കായി ഡോ. ജോണിന്‍റെ അടുത്തേക്ക് പോകില്ലായെന്ന് ബ്രെന്‍ഡ തീര്‍ത്തു പറഞ്ഞു. ഇതോടെ മാതാപിതാക്കൾ ധർമ്മസങ്കടത്തിലായി. വീട്ടിലെ പ്രശ്‌നങ്ങൾ സ്‌കൂളിലേക്കും നീണ്ടു. പെൺകുട്ടിയുടെ കുളിമുറിയിൽ മൂത്രമൊഴിക്കാൻ നിൽക്കുന്ന അവന്റെ ‘പുരുഷ സ്വഭാവം’ കാരണം റെയ്‌മറിനെ സഹപാഠികൾ കളിയാക്കി. പ്രശ്നം വഷളായതോടെ അവളോട് കാര്യങ്ങൾ പറയാൻ മാതാപിതാക്കൾ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ മാതാപിതാക്കള്‍ സത്യം അവളോട് തുറന്നു പറഞ്ഞു. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ നടന്ന പരിച്ഛേദന ഓപ്പറേഷനും അതിനുശേഷം നടന്ന സംഭവങ്ങളും അറിഞ്ഞതോടെ ബ്രെന്‍ഡക്ക് വലിയ ആശ്വാസമാണുണ്ടായത്. താന്‍ ജനിച്ചത് ഒരു ആൺകുട്ടി ആയിട്ടാണെന്നറിഞ്ഞതോടെ അവൾക്ക് സന്തോഷം തോന്നി. ഇനി തന്റെ ജെൻഡർ എന്തെന്ന് ഓർത്ത് ആശങ്ക പെടേണ്ടതില്ലെന്നും, പൂർണമായും ആണായി മാറണമെന്നും ‘അവൾ’ തീരുമാനിച്ചു.

പരിച്ഛേദന നടത്തിയതില്‍ സംഭവിച്ച പിഴവിന് നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് ഡേവിഡ് തിരിച്ചുള്ള ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സ്ത്രൈണലിംഗം വച്ചുപിടിപ്പിച്ചത് മാറ്റി പുരുഷലിംഗം വച്ചുപിടിപ്പിക്കുന്ന ഓപ്പറേഷന്‍ വിജയകരമായി മാറി. ഡേവിഡ് എന്ന പേരും സ്വീകരിച്ചു. ഇരുപതാം വയസ്സില്‍ വിവാഹിതനായി. മൂന്നുമക്കളുടെ അമ്മയും വിവാഹമോചിതയുമായ ജെയ്ന്‍ ഫൊന്‍റേണ്‍ ഡേവിഡിന്‍റെ ജീവിത പങ്കാളിയായി. ആണായും പെണ്ണായും വീണ്ടും ആണായും മാറിയ കൂടെപ്പിറപ്പിനെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ സഹോദരൻ ബ്രിയനായില്ല. അവൻ മയക്കുമരുന്നിൽ അഭയം തേടി. ഒടുവിൽ അയാളെ മരണം തേടിയെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്.

ഡേവിഡിനെ വെറുതെവിടാൻ ഡോക്ടർ തയ്യാറായിരുന്നില്ല. ഡേവിഡിനെ അയാൾ മാനസികമായി തകർത്തു. ജീവിതത്തില്‍ ഏക ആശ്വാസമായി കണ്ടിരുന്ന ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതോടെ ഡേവിഡിന്‍റെ തകര്‍ച്ച പൂര്‍ണ്ണമായി. സമ്മര്‍ദ്ദം സഹിക്കവയ്യാതെ 38-ാം വയസ്സില്‍ തലക്ക് വെടിവച്ച് ഡേവിഡ് ആത്മഹത്യ ചെയ്തു. സ്വന്തം പരീക്ഷണത്തിനായി ഡോക്ടർ തകർത്തത് ഒരു കുടുംബത്തെ മുഴുവൻ ആയിരുന്നു.

shortlink

Post Your Comments


Back to top button