KeralaLatest NewsNews

‘പുരുഷാധിപത്യ മനസ്സുള്ളവർ കേരളത്തിന്റെ യശസ്സ് തകര്‍ക്കുന്നു’: സദാചാര ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐ

തിരുവനന്തപുരം: വെള്ളാണിക്കല്‍ പാറയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തെ അപലപിച്ച് എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ ഇടപെടുന്നത് സഹിക്കാനാവാത്ത പുരുഷാധിപത്യ മനസുള്ളവരാണ് സദാചാര ഗുണ്ടകളെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പറഞ്ഞു. സൗഹൃദവും, സഹോദര്യവും എല്ലാം ലൈംഗിക ചുവയോടെ മാത്രം നോക്കികാണുന്ന ഫ്യൂഡല്‍ പുരുഷാധിപത്യ മനോഭാവംപേറി നടക്കുന്നവരാണ് സദാചാര ഗുണ്ടകള്‍.

സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും, ഇവർക്കെതിരെ കൃത്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പുരോഗമന കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇത്തരം സദാചാര അക്രമണങ്ങളെന്നും എസ്.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

‘കുറച്ചുനാളുകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സദാചാര ഗുണ്ടായിസം അരങ്ങേറുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാന്‍ വേണ്ടി തിരുവനന്തപുരം സി.ഇ.ടി കോളേജിന്റെ പരിസരത്തെ ബസ് സ്റ്റോപ്പ് തകര്‍ക്കപ്പെട്ട സംഭവവും തൊട്ടടുത്ത ദിവസം തന്നെ പാലക്കാട് കരിമ്പ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ പ്രദേശത്തെ സദാചാര ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.

വിദ്യാര്‍ത്ഥികള്‍ ജെന്‍ഡര്‍ വ്യത്യാസങ്ങളില്ലാതെ ഇടപെടുന്നത് സഹിക്കാനാവാത്ത പുരുഷാധിപത്യ മനസ്സുള്ളവരാണ് കേരളത്തിന്റെ യശസ്സ് തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നത്. മനുഷ്യ സ്‌നേഹവും, സൗഹൃദവും, സഹോദര്യവും എല്ലാം ലൈംഗിക ചുവയോടെ മാത്രം നോക്കികാണുന്ന ഫ്യൂഡല്‍ പുരുഷാധിപത്യ മനോഭാവംപേറി നടക്കുന്ന സദാചാര ഗുണ്ടകള്‍ക്കെതിരെ കേരളത്തിലെ പുരോഗമന സാക്ഷര സമൂഹത്തിന്റെയും, വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധമുയരണമെന്നും, ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറാവണം’, എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button