പത്തനംതിട്ട: എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന പൊലീസും സംയുക്തമായി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം. പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെതിരെ സാദിഖ് അഹമ്മദിന്റെ ഭാര്യ ഭാര്യ ഡോ. ഫൗസീന തക്ബീർ രംഗത്ത്. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച റെയ്ഡിൽ യാതൊരു രേഖകളും അന്വേഷണ സംഘം വീട്ടിൽ നിന്നും കണ്ടെത്തിയിട്ടില്ലെന്ന് ഫൗസീന പറയുന്നു.
‘ഇതെന്ത് റെയ്ഡ് ആണ്?. അരിപ്പെട്ടി മുതൽ സാനിട്ടറി പാഡ് വരെ വലിച്ചിട്ട് പരിശോധിച്ചു. നാടിനെ മൊത്തം വിറപ്പിക്കാനായിരുന്നു അവരുടെ ഉദ്ദേശം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്ന വിധി വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിച്ചത്. ഒന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. കുട്ടികൾ കിടന്ന കട്ടിൽ വരെ പരിശോധിച്ചു. എന്റെ സാനിറ്ററി പാഡ് വരെ വലിച്ചിട്ടു. അരിപ്പെട്ടിയിലൊക്കെ എന്ത് ഇരുന്നിട്ടാണ്? ഭിത്തിയിലൊക്കെ എത്ര തവണയാണ് ഇടിച്ച് പരിശോധിച്ചത്. ഇതിലൊക്കെ തുരങ്കം സൃഷ്ടിച്ച് ഞങ്ങൾ എന്തോ പൂഴ്ത്തി വെച്ചപോലെയാണ് അവരുടെ പെരുമാറ്റം. ഒരു കെട്ട് പൈസ പോലും അവർക്ക് കിട്ടിയിട്ടില്ല. ഈ നാട്ടിൽ ജീവിക്കാനുള്ള അവകാശമില്ലേ?. എന്ത് ഉമ്മാക്കി കാണിക്കാൻ വന്നാലും, അവസാനം വരെയും പോരാടും’, ഫൗസീന ഒരു മാധ്യമത്തോട് പറഞ്ഞു.
അതേസമയം, രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ നൂറിലധികം നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്ത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതെന്നാണ് എൻ.ഐ.എ പറയുന്നത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയിലും കർണാടകയിലുമാണ്. ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.
Post Your Comments