തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിൽ സദാചാര ഗുണ്ട ആക്രമണം. വെള്ളിക്കൽ പാറമുകളിൽ സ്ഥലം കാണാൻ എത്തിയ പെൺകുട്ടികളെ നാട്ടുകാർ എന്ന പേരിൽ ഒരുകൂട്ടം ആൾക്കാർ ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുള്ളത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. എന്നാൽ, പ്രതികൾക്കെതിരെ ദുർബ്ബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നാണ് ആരോപണം.
ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൽ, സുഹൃത്തിൻ്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണുവാൻ വേണ്ടി വെള്ളാണിക്കൽ പാറമുകളിൽ എത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന നിങ്ങൾ എന്തിന് ഇവിടെ എത്തി എന്ന് ചോദിച്ച് വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പെൺകുട്ടികൾ പറയുന്നത്. പെൺകുട്ടികളെ മർദ്ദിക്കുന്നതും അവർ നിലവിളിക്കുന്നതുമായ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘നിനക്ക് സെക്സ് വർക്കല്ലേ.. കേസ് എടുക്കാൻ പറ്റില്ല’: സിഐക്കെതിരെ പരാതിയുമായി ദീപ റാണി
പെൺകുട്ടികളെ മർദ്ദിച്ച വ്യക്തിയെ അവിടെയുണ്ടായിരുന്ന ഒരാൾ ചോദ്യം ചെയ്യുമ്പോൾ നിങ്ങൾ പത്രങ്ങളൊന്നും വായിക്കാറില്ലേ എന്നാണ് അയാൾ തിരിച്ചു ചോദിക്കുന്നത്. താൻ പെൺകുട്ടികളുടെ മുട്ടിനു താഴെയാണ് അടിച്ചതെന്നും പെൺകുട്ടികൾ വഴിപിഴച്ചു പോകാതിരിക്കാനാണ് മർദ്ദിച്ചതെന്നും ഇയാൾ പറയുന്നു. അടിക്കാൻ താങ്കൾക്ക് അവകാശമുണ്ടോ എന്ന ചോദ്യത്തിന്, താൻ ഈ നാട്ടുകാരനാണെന്നും ഇവിടെ ചോദിക്കാനും പറയാനും തനിക്ക് അവകാശമുണ്ടെന്നും ഇയാൾ മറ്റുള്ളവരോട് പറഞ്ഞു.
അതേസമയം, പെൺകുട്ടികളെ മർദ്ദിച്ച വ്യക്തി വെള്ളാണിക്കൽ പാറമുകൾ നിവാസിയല്ലെന്ന് പാറമുകൾ സംരക്ഷണ സമിതി പ്രവർത്തകർ വ്യക്തമാക്കി. പോത്തൻകോട് പഞ്ചായത്തിലെ ശ്രീനാരായണപുരം സ്വദേശിയായ മനീഷ് ആണ് പെൺകുട്ടികളെ മർദ്ദിച്ചത് എന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് പാറമുകൾ സംരക്ഷണ സമിതി പ്രവർത്തകർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പുറത്തു നിന്ന് എത്തിയ ഒരു വ്യക്തി കുട്ടികളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു എന്നും പാറമുകൾ സംരക്ഷണ സമിതി പ്രവർത്തകർ വ്യക്തമാക്കി.
Post Your Comments