KeralaLatest NewsNews

കേരള നിയമസഭാ ലൈബ്രറി മറ്റൊരു കേരള മോഡൽ: സ്പീക്കർ

 

തിരുവനന്തപുരം: നൂറു വർഷം പിന്നിടുന്ന കേരള നിയമസഭാ ലൈബ്രറി അതിലെ വിഭവ വൈവിധ്യവും അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരവും കൊണ്ട് ലോകത്തിന് മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ.

ഒരു വർഷം നീണ്ടു നിൽക്കുന്ന നിയമസഭാ ലൈബ്രറിയുടെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തര മേഖലാ തല പരിപാടി കോഴിക്കോട് നടക്കാവ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

1,50,000 പുസ്തകങ്ങൾ, 20 പത്രങ്ങൾ, 150 ആനുകാലികങ്ങൾ ഉള്ള സംസ്ഥാനത്തെ ബൃഹത്തായ ഗ്രന്ഥ ശേഖരമാണ് നിയമസഭാ ലൈബ്രറിയിലുള്ളത്. ഇത് ഗവേഷകർക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഉപയോഗപ്പെടുമെന്ന് സ്പീക്കർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആയുധം പുസ്തകങ്ങളാണെന്നും വായനയെ പോഷിപ്പിക്കാൻ കുട്ടികൾക്ക് ടാർജറ്റ് നൽകണമെന്നും സ്പീക്കർ പറഞ്ഞു.

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഗവ. ചീഫ് വിപ്പ് ഡോ. ജയരാജ് എന്നിവരും എം.എൽ.എമാരായ ഡോ. എം.കെ മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻദേവ്, ഗ്രന്ഥശാലാ സംഘം സെക്രട്ടറി ചന്ദ്രൻ മാഷ് എന്നിവർ സന്നിഹിതരായിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ സ്വാഗതവും നിയമസഭാ സെക്രട്ടറി എ.എം ബഷീർ നന്ദിയും പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതി രാവിലെ സന്ദർശിക്കുകയും അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് എം.ടി വാസുദേവൻ നായരുടെ വസതി സന്ദർശിച്ച് അദ്ദേഹത്തെ സ്പീക്കർ ആദരിച്ചു.

ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, എം.എൽ.എമാർ, നിയമസഭാ ഉദ്യോഗസ്ഥർ എന്നിവർ ഈ ചടങ്ങുകളിൽ പങ്കെടുത്തു. മുൻ മന്ത്രി സി.കെ നാണു, മുൻ എം.എൽ.എമാരായ എൻ.കെ പ്രേംനാഥ്, കെ.പി കുഞ്ഞികണ്ണൻ, എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, യു.സി രാമൻ, എ.കെ പത്മനാഭൻ, എം. കുമാരൻ എന്നിവരെ ചടങ്ങിൽ സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button