പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വൻ വിജയമാകേണ്ടതും അതുവഴി കേരളീയ പൊതുസമൂഹത്തിൻ്റെ ചർച്ചയ്ക്ക് പാത്രമാവേണ്ടതും ഇന്നിൻ്റെ ആവശ്യമാണെന്ന് രാഷ്ട്രീയ/സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്. ചരിത്രരേഖകളിലൊന്നും പരാമർശിച്ചിട്ടില്ലാത്ത മുലച്ചിപ്പറമ്പിലെ നങ്ങേലിക്ക് ചരിത്രസാധുതകല്പിക്കാൻ മത്സരിക്കുന്ന പുരോഗമനവാദികൾ എന്തുകൊണ്ട് ദുരവസ്ഥയിലെ മാപ്പിളമാരുടെ പരാക്രമങ്ങളെ കുറിച്ച് പറയുന്നില്ലെന്നും അഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
ചരിത്രം എന്നും റോബിൻഹുഡ് ആക്കി മഹത്വവല്ക്കരിച്ച കൊച്ചുണ്ണിയെ വെറുമൊരു കളളനാക്കിയ വിനയൻ ബ്രില്യൻസ് കലക്കിയെങ്കിലും യഥാർത്ഥ ചരിത്രത്തിലെ തൊപ്പി വച്ച കിട്ടനെ പ്രസൻ്റ് ചെയ്യാൻ മടിച്ച വിനയൻ അപനിർമ്മിതിയായ നങ്ങേലിയെ അവതരിപ്പിച്ചത് ചരിത്രത്തോടുള്ള നീതികേട് തന്നെയാണെന്ന് അഞ്ജു സിനിമയെ കുറിച്ച് നിരീക്ഷിക്കുന്നു.
‘പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വൻ വിജയമാകേണ്ടതും അതുവഴി കേരളീയ പൊതുസമൂഹത്തിൻ്റെ ചർച്ചയ്ക്ക് പാത്രമാവേണ്ടതും ഇന്നിൻ്റെ ആവശ്യമാണ്. കാരണം ഗീബൽസിയൻ നുണക്കഥകൾ മാത്രം കേട്ടറിഞ്ഞ് അതാണ് ചരിത്രമെന്നു ധരിച്ചിരിക്കുന്ന പ്രബുദ്ധ കേരളം നെല്ലും പതിരും തിരിച്ചറിയണം. യുക്തി കൊണ്ട് ചിന്തിച്ച് ഏതാണ് അപനിർമ്മിതി ഏതാണ് യാഥാർത്ഥൃം എന്നു തിരിച്ചറിയണം. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പുലിക്കുട്ടിയെ ചരിത്രത്തിൻ്റെ ചവറ്റുക്കൊട്ടയിലേയ്ക്ക് എറിയേണ്ടിയിരുന്നത് ആരുടെ ആവശ്യകതയായിരുന്നുവെന്ന് ചിന്തിക്കണം.
സവർണ്ണ – അവർണ്ണ വേർതിരിവും ഹൈന്ദവ ജാതീയതയും മാത്രമേ എന്നും കേരള നവോത്ഥാന ചരിത്രം ചർച്ച ചെയ്തിട്ടുള്ളൂ. അതിനിടയിലുള്ള യഥാർത്ഥ ഒളി-ചതി പ്രയോഗങ്ങളെ സമർത്ഥമായി ഒളിപ്പിക്കേണ്ടിയിരുന്നത് കേരളത്തിലെ രാഷ്ട്രീയ ചാണക്യന്മാരുടെയും അവരുടെ മൂട് താങ്ങികളായ എഴുത്തുകാരുടെയും ആവശ്യമായിരുന്നു. കൺമുന്നിലെ ചതിപ്രയോഗങ്ങളെ കുറിച്ച് എഴുതിയ മഹാകവിയെയാകട്ടെ പല്ലനയാറ്റിൽ ബലി കൊടുത്തു. കുമാരനാശാന്റെ ദുരവസ്ഥ മലബാർ ലഹളയുടെ ദൃക്സാക്ഷി വിവരണമാണ്. ആശാന്റെ ഇതര കൃതികളെടുത്ത് കാലഘട്ടത്തിനനുയോജ്യമായി ബുദ്ധിജീവികളായ പുരോഗമനവാദികൾ ചർച്ചകൾക്കിടയാക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ദുരവസ്ഥയോ അതിൽ വിവരിച്ചിരിക്കുന്ന മാപ്പിളലഹളയോ ഒരിക്കലും ചർച്ചയ്ക്കു വിധേയമാക്കിയിട്ടില്ല അത് തന്നെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാര്യത്തിലും സംഭവിച്ചത്.
ചരിത്രരേഖകളിലൊന്നും പരാമർശിച്ചിട്ടില്ലാത്ത മുലച്ചിപ്പറമ്പിലെ നങ്ങേലിക്ക് ചരിത്രസാധുതകല്പിക്കാൻ മത്സരിക്കുന്ന പുരോഗമനവാദികൾ എന്തുകൊണ്ട് ദുരവസ്ഥയിലെ മാപ്പിളമാരുടെ പരാക്രമങ്ങളെ കുറിച്ച് പറയുന്നില്ല? തുർക്കിയിലെ ഖിലാഫത്ത് എന്താണെന്നോ ആ രാജ്യമോ ഖാലിഫ എന്ന വാക്കോ എന്താണെന്നു പോലും അറിയാതിരുന്ന ഏറനാട്ടിലെ ഹിന്ദുക്കളുടെ രക്തം കൊണ്ട് കുതിർന്ന മാപ്പിളലഹളയെ ദുരവസ്ഥ വായിക്കുന്നവർ എന്തുകൊണ്ടാണ് മനപ്പൂർവ്വം വിട്ടുകളയുന്നത്? ഒരിക്കലെങ്കിലും ആ രീതിയിൽ നിങ്ങളൊന്ന് ചിന്തിച്ചിട്ടുണ്ടോ?
പത്തൊമ്പതാം നൂറ്റാണ്ടിൽ ഈഴവർക്കെതിരെയുള്ള സവർണ്ണജാതീയത കൊടുമ്പിരി കൊണ്ടതാണെന്നു ചരിത്രകാരന്മാർ സമർത്ഥിക്കുമ്പോൾ തന്നെ ഒട്ടും ദഹിക്കാത്ത ഫാക്ടായി നില്ക്കുന്നുണ്ട് അതിസമ്പന്നനായ ആറാട്ടുപുഴ വേലായുധപ്പണിക്കരും ടിയാൻ്റെ ആസ്തിയും സമൂഹത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനവും. പണിക്കർ കഥകളിയോഗം സ്ഥാപിച്ചതിൻ്റെ പേരിൽ സവർണ്ണർ പരാതിയുമായി ചെല്ലുന്നത് ദിവാൻ മാധവറാവുവിൻ്റെ അടുത്താണ്. അവിടെയും ദിവാൻ പണിക്കരുടെ പക്ഷമാണ് പിടിക്കുന്നത്. 1852-1854 കാലഘട്ടങ്ങളിൽ രണ്ട് ക്ഷേത്രങ്ങൾ നിർമ്മിച്ച പണിക്കർക്കെതിരെ എന്തുകൊണ്ട് അന്നേ പ്രബലരായ സവർണ്ണർ സംഘടിച്ചില്ല? ഇടതുപക്ഷ ചരിത്രകാരന്മാർ നിരത്തുന്ന പോയിൻ്റ്സ് വച്ചാണെങ്കിൽ അധികാരം കൈവശമുള്ള സവർണ്ണ മൂരാച്ചി ഫാസിസ്റ്റുകൾ എന്തുകൊണ്ട് ആറാട്ടുപുഴയെ 1874 വരെ അഴിഞ്ഞാടാൻ അനുവദിച്ചു?
ഈഴവ സത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിനായി ആറാട്ടുപുഴ പോരാടിയെന്നത് വിസ്മരിക്കാനാവാത്ത ചരിത്ര സത്യം. പക്ഷേ അത് ഇവിടെ കള്ളക്കഥ കൊണ്ട് അപനിർമ്മിക്കപ്പെട്ട പോലെ മേൽ വസ്ത്രം അഥവാ മുല മറയ്ക്കാനായിരുന്നില്ല. അച്ചിപ്പുടവ സമരമായിരുന്നുവത്. അതായത് അരയ്ക്ക് താഴെ കണ്ണങ്കാൽ വരെയുള്ള പുടവ ധരിക്കാനുള്ള അവകാശം. മറ്റൊന്ന് ഏത്താപ്പ് ധരിക്കാനുള്ള അവകാശസമരമായിരുന്നു. പിന്നൊന്ന് സ്വർണ്ണ മൂക്കുത്തി ധരിക്കാനുള്ള അവകാശപോരാട്ടവും. ഇതൊക്കെയും സവർണ്ണ ഹിന്ദുക്കളുടെ അരിശം വിളിച്ചുവരുത്തി എന്നത് നേര്. 18581861 കാലഘട്ടത്തിൽ നടന്ന ഈ സമരങ്ങളൊന്നും തന്നെ ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവനെടുക്കണമെന്ന പക ആളിക്കത്തിക്കുന്നതായിരുന്നില്ല. അങ്ങൊന്നായിരുന്നുവെങ്കിൽ 1874 വരെ അവർ കാത്തിരിക്കേണ്ടതില്ലല്ലോ.
അപ്പോൾ പിന്നെ ആർക്കായിരുന്നിരിക്കണം വേലായുധപ്പണിക്കരുടെ ജീവനെടുക്കേണ്ട പക? അവിടെയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപവും അതുമായി ബന്ധപ്പെട്ട സാളഗ്രാമത്തിൻ്റെ മോഷണവും തെളിഞ്ഞുവരുന്നത്. സാളഗ്രാമമെന്ന വിഷ്ണു വിഗ്രഹ പ്രതിഷ്ഠയിൽ ഉപയോഗിക്കുന്ന പുണ്യശില മോഷ്ടിക്കേണ്ടുന്ന ആവശ്യം കീരിക്കാട്ടെ കൊള്ളക്കാർക്കെന്തിന് എന്ന ചോദ്യം ഇവിടെ ന്യായമായും ഉയർന്നേക്കാം. അപ്പോൾ അത് മോഷ്ടിച്ചതിൻ്റെ ഉദ്ദേശം മുറജപം തടസ്റ്റപ്പെടുത്തുകയോ ഹൈന്ദവ പുണ്യശിലയെ അശുദ്ധമാക്കുകയോ എന്ന ഉദ്ദേശമാവാം. അങ്ങനെങ്കിൽ അതാർക്ക് എന്നതാണ് ചിന്തിക്കേണ്ടുന്ന ചോദ്യം. ആ പ്ലാൻഡ് അജണ്ട പൊളിച്ചത് സാക്ഷാൽ വേലായുധപ്പണിക്കരാകുകയും സാളഗ്രാമം വീണ്ടെടുത്ത് നല്കുകയും ചെയ്തപ്പോൾ സ്വാഭാവികമായും വേലായുധപ്പണിക്കർ ശത്രുപക്ഷത്ത് ആവുന്നുണ്ട്. സാളഗ്രാമം വീണ്ടെടുത്തതിൻ്റെ പേരിൽ ആയില്യം തിരുനാൾ മഹാരാജാവ് പണിക്കർ എന്ന സ്ഥാനപ്പേര് നല്കി ആദരിക്കുന്നു. അതല്ലാതെ പണിക്കർ സ്ഥാനം നല്കിയതുമായി ബന്ധപ്പെട്ട് മറ്റൊരു വാദവുമുണ്ട്. അത് കായംകുളം കൊച്ചുണ്ണിയെ കീഴടക്കിയതിൻ്റെ പേരിലെന്നാണ്. രണ്ട് രീതിയിലായാലും പണിക്കരോട് പകയ്ക്ക് സമാനമായ ദേഷ്യം തോന്നേണ്ടത് സവർണ്ണ ജാതിക്കാരെ പോലെ മുസ്ലീം സമുദായക്കാർക്കെന്നും സാരം. ഈഴവർക്കിടയിലെ മതപരിവർത്തനത്തിനെ പണിക്കർ എതിർത്തിരുന്നതിന് രേഖകളുണ്ട് താനും.
ഇനി പണിക്കരുടെ ക്രൂരമായ കൊലപാതകത്തിലുമുണ്ട് ചതിയുടെ ഒരു കഥ. 1874 ൽ കൊല്ലത്ത് നിന്ന് കായംകുളത്തേയ്ക്ക് കെട്ടുവള്ളത്തിൽ പോകുമ്പോൾ തൊപ്പി വച്ച കിട്ടനെന്നു ചരിത്രം അടയാളപ്പെടുത്തിയ മതം മാറി ഇസ്ലാമായ കിട്ടൻ എന്ന ബന്ധു അദ്ദേഹത്തെ വകവരുത്തി. തൊപ്പി വച്ച കിട്ടൻ എന്ന കേരളീയചരിത്രത്തിലെ പിടികിട്ടാപ്പുള്ളി കടന്നുകളഞ്ഞത് ആൻഡമാനിലേയ്ക്കും. അയാൾ പിടിക്കപ്പെട്ടാൽ പലതും വെളിവാകുമെന്ന് ആരോ ഭയന്നിരുന്നു. കള്ളൻ കൊച്ചുണ്ണിക്ക് വരെ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനം കൊടുത്തവർ നേരിൻ്റെ വഴിയെ മാത്രം സഞ്ചരിച്ച വേലായുധപ്പണിക്കരെ തിരസ്കരിച്ചത് എന്തുകൊണ്ടാവും? ഉത്തരം ലളിതം! വേലായുധപ്പണിക്കരുടെ ചരിത്രം ചികയുമ്പോൾ ഇവിടെ പാടിപ്പതിഞ്ഞ പല കള്ളക്കഥകളും പുറത്ത് വരും എന്ന പേടി.
1922ൽ ആശാൻ എഴുതിയ ദുരവസ്ഥയെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചവർക്കാണോ 1874 ലെ തൊപ്പി വച്ച കിട്ടനെ ഒളിപ്പിക്കാൻ പാട്?
മാറ്റുവിന് ചട്ടങ്ങളെ സ്വയമല്ലെങ്കില് മാറ്റുമതുകളീ നിങ്ങളെത്താന്”
ഈ വരികളെ മാത്രമാണ് ദുരവസ്ഥയുമായി ബന്ധപ്പെടുത്തി പണ്ഡിതന്മാർ പാടിപ്പതിപ്പിച്ചത്.പക്ഷേ അത് പറയാനുള്ള പശ്ചാത്തലത്തെ കണ്ടില്ലെന്നു നടിച്ചവർ നടത്തിയതാണ് യഥാർത്ഥ ചരിത്രനിഷേധം. ”
“ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-ച്ചോരയാൽ ചൊല്ലെഴും ‘ഏറനാട്ടിൽ’””ഇറ്റിറ്റു വീണുള്ള ചോരക്കണങ്ങൾപോൽ തെറ്റിപ്പഴത്തിൻ ചെറുകുലകൾ. ഹൈന്ദവ ചോരകൊണ്ട് എഴുതപ്പെട്ട ഏറനാടിന്റെ ചിത്രത്തിൽ ചുവന്നതെറ്റിപ്പഴക്കുലകളും പഴുത്ത ചുവന്ന മുളകുമൊക്കെ മുഹമ്മദീയരാൽ വെട്ടിയരിയപ്പെട്ട ഹിന്ദുക്കളുടെ രക്തത്തുള്ളികളായി ആശാനു അനുഭവപ്പെടുന്നത് കണ്ടില്ലെന്നു നടിച്ചവരാണ് കേരള പ്രബുദ്ധർ. ദുരവസ്ഥയെ വെറുമൊരു ജാതീയമായ സമൂഹത്തിന്റെ ചട്ടക്കൂട്ടിലാക്കാൻ കഴിഞ്ഞവർക്ക് വ്യക്തമായ അജണ്ടയുണ്ടായിരുന്നു. അതെ അജണ്ട തന്നെയാണ് വേലായുധപ്പണിക്കരെ തിരസ്കരിക്കാനുള്ള കാരണവും. ജാതീയതയുടെ മറപ്പിടിച്ച് വേലായുധപ്പണിക്കരുടെ പെടുമരണത്തെ അക്കാലത്തെ ജാതിവ്യവസ്ഥിതിയുമായി ബന്ധപ്പെടുത്താൻ കച്ചക്കെട്ടിയിറങ്ങിയ പുരോഗമനവാദികൾ കാണാതെ നടിച്ച പലതും വിനയൻ ചിത്രം പുറത്ത് കൊണ്ടുവന്നതിൽ സന്തോഷം. ഒപ്പം ചരിത്രം എന്നും റോബിൻഹുഡ് ആക്കി മഹത്വവല്ക്കരിച്ച കൊച്ചുണ്ണിയെ വെറുമൊരു കളളനാക്കിയ വിനയൻ ബ്രില്യൻസും കലക്കി. പക്ഷേ യഥാർത്ഥ ചരിത്രത്തിലെ തൊപ്പി വച്ച കിട്ടനെ പ്രസൻ്റ് ചെയ്യാൻ മടിച്ച വിനയൻ അപനിർമ്മിതിയായ നങ്ങേലിയെ അവതരിപ്പിച്ചത് ചരിത്രത്തോടുള്ള നീതികേട് തന്നെയാണ്’.
Post Your Comments