News

കൊറിയർ വഴി മയക്കുമരുന്ന് കടത്ത് : യുവാവ് അറസ്റ്റിൽ

ചെങ്ങമനാട് നീലാത്ത് പള്ളത്ത് വീട്ടിൽ അജ്മലാണ് (24) പൊലീസ് പിടിയിലായത്

അങ്കമാലി: മുംബൈയിൽ നിന്ന് കൊറിയർ വഴി എത്തിച്ച ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്ന് കൈപ്പറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് നീലാത്ത് പള്ളത്ത് വീട്ടിൽ അജ്മലാണ് (24) പൊലീസ് പിടിയിലായത്. ജില്ല റൂറൽ എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് അങ്കമാലി പൊലീസാണ് യുവാവിനെ പിടികൂടിയത്.

200ഗ്രാം എം.ഡി.എം.എ, 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയടക്കമുള്ള മയക്കുമരുന്നുകളാണ് അങ്കമാലിയിലെ സ്വകാര്യ കൊറിയർ വഴിയെത്തിയത്. എം.ഡി.എം.എക്ക് മാത്രം 20 ലക്ഷത്തോളം രൂപ വിലവരും. മുംബൈയിൽ നിന്ന് രാഹുൽ എന്നയാളുടെ മേൽവിലാസത്തിലാണ് മയക്കുമരുന്ന് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read Also : വീട്ടിലും രക്ഷയില്ല : തെരുവുനായ കിടപ്പുമുറിയില്‍ കയറി യുവതിയെ കടിച്ചു

ജില്ല റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലി സി.ഐ പി.എം ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. പൊലീസ് സംഘം കൊറിയർ സ്ഥാപനത്തിൽ അതീവ രഹസ്യമായി കാത്തുനിന്നു. അതിനിടെ കാറിലെത്തിയ യുവാവ് കൊറിയർ സ്ഥാപനത്തിലെത്തി മയക്കുമരുന്നുകളുടെ പാക്കറ്റുകൾ ഏറ്റുവാങ്ങി രഹസ്യമായി ഒളിപ്പിച്ച ശേഷം പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പൊലീസ് വളഞ്ഞ് പിടിക്കുകയായിരുന്നു. കൂടുതൽ പരിശോധന നടത്തിയാണ് ബ്ലുടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചുവച്ച മയക്കുമരുന്നുകൾ പൊലീസ് കണ്ടെടുത്തത്.

അജ്മൽ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. അങ്കമാലി എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐമാരായ റെജിമോൻ, സുരേഷ് കുമാർ എസ്.സി.പി.ഒമാരായ അജിത് കുമാർ, മഹേഷ്, അജിത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button